
തായ്‌ഷൗ: യുവാവ് തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ സമീപകാലത്തായി വൈദ്യുതി ബില്ലിൽ കുത്തനെ വർദ്ധന. സംശയം തോന്നി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ജീവനുള്ള പാമ്പുകളുടെ കൂറ്റൻ ശേഖരം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തായ്‌ഷൗലാണ് സംഭവം. വംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പുകൾ ഉൾപ്പെടെ 300ലേറെ പാമ്പുകളെയാണ് യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. പെരുമ്പാമ്പുകൾ ചൈനയിൽ സംരക്ഷിത ജീവി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവയെ വിൽക്കുന്നതും വാങ്ങുന്നതും പ്രജനനം നടത്തുന്നതും ചൈനയിൽ കുറ്റകരമാണ്. അനുമതിയില്ലാതെ ഇവയെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും കുറ്റകരമാണ്. ഫ്ലാറ്റിന് താഴെയുള്ള ജലധാരയ്ക്ക് സമീപത്ത് മേഖലയിൽ കാണാത്ത തരം പാമ്പുകളിലൊന്നിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംരക്ഷിത ജീവിയേക്കുറിച്ച് ഫ്ലാറ്റിലെ താമസക്കാരിലൊരാളാണ് അധികൃതരെ വിവരം അറിയിക്കുന്നത്.
ഇതോടെയാണ് ഫ്ലാറ്റിനുള്ളിൽ അനധികൃതമായി പാമ്പുകളുടെ പ്രജനനം നടത്തുന്നതായി അധികൃതർക്ക് സംശയം തോന്നിയത്. കണ്ടെത്തിയ പാമ്പ് ഇവരുടെ പക്കൽ നിന്ന് രക്ഷപ്പെട്ടതാവാം എന്നും അധികൃതർ നിരീക്ഷിച്ചു. പാമ്പുകളുടെ പ്രജനനം നടത്താൻ 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്തേണ്ടതിനാൽ ഫ്ലാറ്റിലെ താമസക്കാരുടെ കറന്റ് ബില്ലിനെ ചുറ്റിപ്പറ്റിയായി പിന്നീടുള്ള അന്വേഷണം. ഈ അന്വേഷണത്തിലാണ് അവിവാഹിതനും തനിച്ച് താമസിക്കുന്നയാളും തൊഴിൽ രഹിതനുമായ യുവാവിന്റെ ഫ്ലാറ്റിലേക്ക് അധികൃതർ എത്തിയത്. ഇയാളെ പതിവായി കാണാനെത്തുന്നയാളും നിരീക്ഷണത്തിലായതോടെ സംഭവിക്കുന്നത് എന്താണെന്ന വ്യക്തമായ ധാരണ അധികൃതർക്കുണ്ടാവുകയായിരുന്നു. പതിവായി വെളുത്ത നിറത്തിലെ കുഞ്ഞൻ എലികളെയും ഇയാൾ ഓർഡർ ചെയ്തിരുന്നതും സംശയത്തിന് ബലം കൂട്ടി.
യുവാവിന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൂന്നൂറിലേറെ പാമ്പുകളെ അധികൃതർ കണ്ടെത്തിയത്. മുറികളിൽ അടുക്കി വച്ചിരുന്ന പ്ലാസ്റ്റിക ബോക്സുകളിൽ ആയിരുന്നു പെരുമ്പാമ്പുകളെ സൂക്ഷിച്ചിരുന്നത്. രണ്ട് കിടപ്പുമുറിയിലും ഇത്തരത്തിൽ പെരുമ്പാമ്പുകളെ യുവാവ് സൂക്ഷിച്ചിരുന്നു. 2014 മുതലാണ് പെരുമ്പാമ്പുകളുടെ പ്രജനനം ചെയ്യാൻ തുടങ്ങിയതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. നൂറോളം പാമ്പുകളെ ഇതിനോടകം യുവാവ് വിറ്റഴിച്ചിരുന്നു. 41 കോടി രൂപ വില വരുന്ന പാമ്പുകളാണ് ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്. ഇവയെ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. 5 വർഷത്തെ തടവ് ശിക്ഷയാണ് യുവാവിനെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam