ബെല്ലിലെ മോഷണത്തിന് പിന്നിൽ ജീവനക്കാരെന്ന് സംശയം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

By Web TeamFirst Published Nov 2, 2019, 7:45 PM IST
Highlights

തമിഴ്മാട് തിരുച്ചിറപ്പള്ളിയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബെല്ലിൽ നടന്ന മോഷണത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. രണ്ട് ജീവനക്കാരാണ് പൊലീസ് കസ്റ്റ‍ഡിയിലായത്.

തിരുച്ചിറപ്പള്ളി: തമിഴ്മാട് തിരുച്ചിറപ്പള്ളിയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബെല്ലിൽ നടന്ന മോഷണത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. രണ്ട് ജീവനക്കാരാണ് പൊലീസ് കസ്റ്റ‍ഡിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മുഖംമൂടി ധരിച്ച് ഒന്നരക്കോടി രൂപ കവർന്നത്. ഭാരത് ഹെവി ഇലട്രിക്കല്‍സിലെ ജീവനക്കാരുടെ ഒത്താശയോടെ നടന്ന കവര്‍ച്ചയെന്നാണ് സംശയം.

ഇന്നലെ പുലര്‍ച്ചയോടെയാണ് സൊസൈറ്റിയുടെ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ലോക്കര്‍ പൂട്ടിയിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അതീവ സുരക്ഷാ മേഖലയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ പുറത്ത് നിന്ന് മോഷ്ടാക്കള്‍ എത്തി കവര്‍ച്ച നടത്തി പോകുന്നതിനുള്ള സാധ്യത പൊലീസ് തള്ളി കളയുന്നു. 

ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തതിന് ശേഷമുണ്ടായിരുന്ന തുക ലോക്കറില്‍ വച്ചെന്നും പൂട്ടാന്‍ വിട്ട് പോയെന്നുമാണ് സുരക്ഷാ ജീവനക്കാരന്‍റെ മൊഴി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സിഐഎസ്എഫിനാണ് മേഖലയുടെ സുരക്ഷാ ചുമതല. സംശയാസ്പദമായി ആരും പ്രവേശിച്ചിട്ടില്ലെന്നാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി. ഒരു മാസം മുമ്പാണ് തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയില്‍ മുഖം മുടി ധരിച്ച് എത്തി 15 കോടിയലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നത്. ബാങ്കിന്‍റെ ഭിത്തി തുരന്നാണ് അന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നത്. 

ആറ് ഉത്തരേന്ത്യന്‍ സ്വദേശികളെയും തമിഴ്നാട്ടുകാരായ മൂന്ന് പേരെയും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് തിരുച്ചിറപ്പള്ളിയെ വീണ്ടും കള്ളന്‍മാര്‍ ഭീതിയിലാഴ്ത്തുന്നത്.

 

 

 

 

 

click me!