ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്, പൊലീസിന് മൊഴി നൽകി

Published : Jun 20, 2019, 03:25 PM ISTUpdated : Jun 20, 2019, 07:38 PM IST
ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്, പൊലീസിന് മൊഴി നൽകി

Synopsis

ഒളിവിൽ പോയ ബിനോയ് കോടിയേരി കേരളത്തിൽ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസ് പരാതിക്കാരിയെ വിളിച്ചു വരുത്തി ഓഷിവാര പൊലീസ് സ്റ്റേഷനിൽ വച്ച് മൊഴിയെടുക്കുകയാണ്. 

കണ്ണൂർ: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് വിവരമില്ലെന്നും എന്നാൽ കേരളം വിട്ടിട്ടില്ലെന്നാണ് വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നത്. ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. 

യുവതി ഓഷിവാര സ്റ്റേഷനിൽ

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയ ബിഹാർ സ്വദേശിനി ഇപ്പോൾ മുംബൈ ഓഷിവാരാ സ്റ്റേഷനിലാണുള്ളത്. പരാതിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ യുവതിയു‍ടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് കോടിയേരി യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഫ്ലാറ്റിലും പല ഹോട്ടലുകളിലും ബിനോയ് യുവതിയ്ക്ക് ഒപ്പം താമസിച്ചിട്ടുണ്ട്. 

മുംബൈയിലെ ഒരു ബാറിലെ ഡാൻസറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. യുവതിയുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം സംഭവത്തിലെ സാക്ഷികളെക്കൂടി വിളിച്ചു വരുത്തി മൊഴിയെടുക്കും. 

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിച്ചു വരികയാണ്.  

മുംബൈ പൊലീസെത്തിയത് തെളിവുകൾ കിട്ടിയ ശേഷം

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. 

ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. 

എന്നാൽ, ബിനോയിയെ നേരിൽ കാണാൻ മുംബൈ പൊലീസിനായില്ല. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയിൽ നിന്ന് മടങ്ങിയത്. 

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. 

അതേസമയം, യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയിയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

ബിനോയ് കോടിയേരിയുടെ വിശദീകരണം

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് നേരത്തേ വിശദീകരിച്ചിരുന്നു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി വാർത്ത പുറത്തു വന്ന ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം