നേതാക്കളുടെ 'വിശ്വസ്തൻ' ചമഞ്ഞ് ജോലി വാഗ്ദാനം, തട്ടിപ്പ്; ബിജെപി നേതാവ് കീഴടങ്ങി,ഉന്നതബന്ധങ്ങള്‍ വെളിച്ചത്താകും

By Web TeamFirst Published Jul 15, 2021, 1:31 PM IST
Highlights

ചെങ്ങന്നൂർ പൊലീസിൽ മാത്രം ഒൻപത് പരാതികൾ ലഭിച്ചു. 15 ലക്ഷം വരെ നഷ്ടമായരുണ്ട്

ചെങ്ങന്നൂർ: കേന്ദ്ര സർക്കാ‍ർ സ്ഥാപനമായ എഫ് സി ഐ (ഫുഡ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യ)യിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബിജെപി നേതാവ് കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുൻ ഗ്രാമപഞ്ചായത്തംഗം സനു എൻ നായരാണ് ചെങ്ങന്നൂരിൽ കീഴടങ്ങിയത്. കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന ബിജെപി നേതാക്കളുടെയും വിശ്വസ്തർ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും പണം തട്ടിയത്. കേസിലെ മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിലെ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

എഫ് സി ഐയിൽ എൻജിനീയർ മുതൽ പല തസ്തികകളിൽ ജോലി വാദ്ഗാനം ചെയ്താണ് ലക്ഷങ്ങൾ തട്ടിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരയായത്. സനു എൻ നായർക്ക് പുറമെ ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എന്നിവരും പ്രതികളാണ്. മുഖ്യപ്രതിയായ ലെനിൻ മാത്യു എഫ് സി ഐ ബോർഡ് അംഗമാണെന്ന് വിശ്വസിപ്പിക്കും. സർക്കാർ ബോർഡ് വച്ച കാറിൽ വന്നിറങ്ങി ലക്ഷങ്ങൾ വാങ്ങി മടങ്ങും. പിന്നീട് ഉദ്യോഗാർത്ഥികളെ ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ എഫ്സിഐ ഓഫീസുകൾക്ക് സമീപം താമസിപ്പിക്കും. കേന്ദ്ര മന്ത്രിമാരടക്കം ഉന്നതരുമായി അടുപ്പമുള്ളതിനാൽ നിയമനം വേഗത്തിലാകുമെന്നാണ് പ്രതികൾ പലരോടും പറഞ്ഞിരിന്നുത്.

എന്നാൽ മാസങ്ങൾ കഴിഞ്ഞും ജോലി കിട്ടാതെ വന്നതോടെ പണം നഷ്ടമായവർ ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ പ്രതികൾ എഫ് സി ഐയുടെ വ്യാജ നിയമന ഉത്തരവ് നൽകി. വമ്പൻ തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായ ചിലർ പൊലീസിനെ സമീപിച്ചു. ചെങ്ങന്നൂർ പൊലീസിൽ മാത്രം ഒൻപത് പരാതികൾ ലഭിച്ചു. 15 ലക്ഷം വരെ നഷ്ടമായരുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!