'സാധനം നമ്മടെ കമ്പനിയാ കൊണ്ടുപോയത്, പറഞ്ഞേക്ക്', അഷ്റഫിന്‍റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം

By Web TeamFirst Published Jul 15, 2021, 9:23 AM IST
Highlights

സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ്. 

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. ജയിലിൽ നിന്നാണ് കൊടി സുനി സംസാരിക്കുന്നത്. എല്ലാം നിയന്ത്രിച്ച് ഇപ്പോഴും ജയിലിൽ നിന്ന് രാജാവായി കൊടി സുനി തുടരുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണെന്ന് തെളിയുകയാണ്. 

കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വർണം മുക്കിയതാണെന്ന് ഭീഷണി മുഴക്കിയാണ് കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോകുന്നത്. എന്നാൽ ഒരു ക്വട്ടേഷൻ സംഘം സ്വർണം തട്ടിക്കൊണ്ട് പോയതാണെന്ന് പല തവണ പറ‌ഞ്ഞതാണെന്നും എന്നിട്ടും കൊടുവള്ളിയിലെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയെന്നും അഷ്റഫ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ട് കിലോയാണ് കഴിഞ്ഞ മാസം റിയാദിൽ നിന്ന് വന്ന അഷ്റഫ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്. 

അഷ്റഫിന്‍റെ കയ്യിലുള്ള കൊടിസുനിയുടെ ശബ്ദസന്ദേശം ഇങ്ങനെയാണ്:

''കൊയിലാണ്ടിയിലെ അഷ്റഫിന്‍റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്‍റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്'', എന്നാണ് കൊടി സുനി ശബ്ദസന്ദേശത്തിൽ പറയുന്നത്. 

തനിക്ക് കണ്ണൂർ സംഘം അയച്ച് തന്ന ഈ കൊടി സുനിയുടെ ശബ്ദരേഖ താൻ കൊടുവള്ളി സംഘത്തിന് അയച്ച് കൊടുത്തുവെന്നും അഷ്റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആയ അഷ്റഫിന് ഇതിന് മുമ്പും ക്വട്ടേഷൻ സംഘത്തിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് അഷ്റഫ് ഗൾഫിൽ നിന്ന് എത്തിയത്. തട്ടിക്കൊണ്ട് പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പും ഇതേ കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ ഭീഷണിപ്പെടുത്തി. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ എർട്ടിഗ കാറിലെത്തിയ ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ബുധനാഴ്ചയാണ് അഷ്റഫിനെ വിട്ടയച്ചത്. ചാത്തമംഗലത്തിന് സമീപത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേറ്റ നിലയിൽ അഷ്റഫിനെ കണ്ടെത്തുകയായിരുന്നു. 

കണ്ണ് മൂടിക്കെട്ടിയ നിലയിൽ ആയിരുന്നതിനാൽ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് തിരിച്ചറിയാനായില്ലെന്നാണ് മൊഴി. ചാത്തമംഗലം ചെത്ത് കടവ് പാലത്തിന് സമീപത്ത് പുലർച്ചെയോടെയാണ് അഷറഫിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിലായിരുന്നു അഷ്റഫ്. കാലിന്‍റെ എല്ലിന് പൊട്ടലുമുണ്ട്. 

അഷ്റഫിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊടുവള്ളിയിലും പരിസരങ്ങളിലുമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പേരും. കൊടുവള്ളി സ്വദേശി പൂമുള്ളന്‍കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളവർ മുഴുവൻ പിടിയിലായ ശേഷം കൊടി സുനിയുടെ ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് അറിയിക്കുന്നു. 

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്നറിഞ്ഞതോടെ കസ്റ്റംസ് സംഘവും കൊയിലാണ്ടി സ്റ്റേഷനിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച കൊയിലാണ്ടിയിലെ വീട്ടിൽ നിന്നാണ് അഷ്റഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.  ഇയാളെ മാവൂരിലെ തടിമില്ലിലാണ് താമസിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അഷ്റഫ് മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അഷ്റഫിനെ ഇന്നും ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്. കസ്റ്റംസും അഷ്റഫിനെ ചോദ്യം ചെയ്തേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!