
തിരുവനന്തപുരം: കന്യാകുമാരി തക്കലയിൽ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്. മന്ത്രവാദിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകി. കുട്ടി കിണറ്റിൽ വീണുകാണുമെന്ന പ്രതീക്ഷയിൽ ഫയര്‍ഫോഴ്സിനെ എത്തിച്ച് വെള്ളംവറ്റിച്ച് നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് ഒരു കിലോമീറ്റര്‍ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം കിട്ടുന്നത്.
പൊലീസ് മന്ത്രവാദിയുടെ വീട്ടിലെത്തി കതകിൽ തട്ടി വിളിച്ചെങ്കിലും ഇയാള്‍ വാതില്‍ തുറന്നില്ല. വാതിൽ പൊളിച്ച് പൊലീസ് അകത്തുകയറിയപ്പോഴാണ് പൂജാമുറിയിൽ കുഞ്ഞിനെ ഇരുത്തി രാസപ്പൻ ആശാരി പൂജ ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തു. ഭാര്യയും മകനും മരിച്ച ശേഷമാണ് രാസപ്പൻ ആശാരി മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ നരബലി എന്നതിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam