
കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ മന്ത്രവാദിയെ ഇതുവരെ പിടികൂടാനായില്ല. തമിഴ്നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന പുരോഗമിക്കുന്നത്. അതേസമയം മന്ത്രവാദിക്കെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തി. രണ്ടായിരത്തി പതിനാറ് മുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ നിസാരമായാണ് കണ്ടതെന്നും യുവതി ആരോപിച്ചിരുന്നു. ഭര്‍ത്താവിന്‍റെ സഹോദരിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി ഉയര്‍ത്തിയത്. പൂജകള്‍ക്ക് വിസമ്മതിച്ചതിനേ തുടര്‍ന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന് യുവതി ആരോപിച്ചിരുന്നു. യുവതിയുടെ സഹോദരനും മര്‍ദ്ദനമേറ്റതായാണ് പരാതി.
ആറ്റിങ്ങൽ സ്വദേശിയായ യുവതി പീഡന പരാതി നൽകിയതിന് പിന്നാലെയാണ് മന്ത്രവാദി അബ്ദുൽ ജബ്ബാര്‍, സഹായി സിദ്ദീഖ്, യുവതിയുടെ ഭര്‍ത്താവ് എന്നിവര്‍ ഒളിവിൽ പോയത്. ജബ്ബാര്‍ നിരന്തരം പോകാറുള്ള നാഗൂരടക്കം അന്വേഷണ സംഘം എത്തിയെങ്കിലും പിടികൂടാനായില്ല. താടിയും മുടിയും നീട്ടി വളര്‍ത്തി കറുത്ത വേഷം ധരിച്ചു നടന്നിരുന്ന ജബ്ബാറിനെ വിശ്വസിച്ച് പലയിടങ്ങളിൽ നിന്നും ആളുകൾ ചടയമംഗലത്ത് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. മന്ത്രവാദിയാകും മുന്പ് റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിരുന്നു. തന്നെ അനുസരിക്കാത്തവര്‍ക്ക് ദുരിത കാലമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ജബ്ബാർ പലരേയും പേടിപ്പിച്ചിരുന്നത്.
അതേസമയം മന്ത്രവാദിക്കെതിരെ സഹായിയുടെ ഭാര്യ പരാതിയുമായെത്തി. കുട്ടികൾ ഉണ്ടാകണമെങ്കിൽ നഗ്നപൂജ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ സമീപിച്ചിരുന്നതായാണ് യുവതി പറയുന്നത്. ആറ്റിങ്ങൽ സ്വദേശി നൽകിയ പരാതിയിൽ ഭര്‍തൃമാതാവിനെ നേരത്തെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനേയും അബ്ദുൽ ജബ്ബാറിനേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam