
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്സിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകൾ ദുർബലമാകാൻ സാധ്യതയെന്ന് സൂചന. ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്നാണ് മെഡിക്കൽ പരിശോധനാഫലമെന്നാണ് വിവരം. രക്തസാംപിൾ എടുക്കാൻ പൊലീസ് മനഃപൂർവം വൈകിപ്പിച്ചത് ശ്രീരാമിനെ തുണയ്ക്കുമെന്ന കണക്ക് കൂട്ടൽ ഇതോടെ ശക്തമാവുകയാണ്.
രക്തത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്ന വിവരം ലാബ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാംപിൾ ശേഖരിക്കാൻ വൈകിയതാണ് മദ്യത്തിന്‍റെ അംശം ഇല്ലാതിരിക്കാൻ കാരണം. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിൾ എടുത്തത്.
അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്‍റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിൾ എടുക്കാനും ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു.
ഒടുവിൽ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു സാംപിൾ എടുത്തത്. അതിനിടെ മദ്യത്തിന്‍റെ അംശം കുറക്കാൻ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകൾ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്. ആദ്യം ഇട്ട ദുർബ്ബലമായ എഫ്ഐആറിന് പകരം കടുത്ത സമ്മർദ്ദം മൂലം ഒടുവിൽ ഐപിസി 304 പാർട്ട് 2 എന്ന കടുത്ത വകുപ്പാണ് ശ്രീരാമിന് മേൽ ചുമത്തിയത്.
മദ്യപിച്ചില്ലെന്ന് തെളിഞ്ഞാൽ ഈ വകുപ്പ് നിലനിൽക്കുമോ എന്ന സംശയമുണ്ട്. പൊലീസ് ചുമത്തിയ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് ശ്രീറാമിന്‍റെ ജാമ്യാപേക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam