പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതദേഹം; പിന്നിൽ ഇതരസംസ്ഥാന തൊഴിലാളികളെന്ന് പൊലീസ്

By Web TeamFirst Published Sep 28, 2019, 6:06 PM IST
Highlights

രണ്ട്  ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ കൈകളും, കാലുകളും കയറുപയോഗിച്ച് കെട്ടിയ നിലയിലാണുള്ളത്. തലയിൽ മൂന്ന് മുറിവും നെഞ്ചിന് വലത് വശത്തും, കാലിലും മുറിവേറ്റിട്ടുണ്ട്. 

കൊടുങ്ങല്ലൂർ: തൃശ്ശൂരിൽ യുവാവിന്റെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പിൽ തളളിയ നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരിന് സമീപം കട്ടൻബസാറിലാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വിജിത്ത് ആണ് കൊല്ലപ്പെട്ടത്. കട്ടൻബസാർ വാട്ടർ ടാങ്ക് പരിസരത്ത് കാട് പിടിച്ചു കിടക്കുന്ന പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച്ച മുതൽ കാണാതായ വിജിത്തിനെ തേടിയെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ മതിലകം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട്  ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ കൈകളും, കാലുകളും കയറുപയോഗിച്ച് കെട്ടിയ നിലയിലാണുള്ളത്. തലയിൽ മൂന്ന് മുറിവും നെഞ്ചിന് വലത് വശത്തും, കാലിലും മുറിവേറ്റിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ വിജിത്ത് പതിവായി വരാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഡിഐജി കെ പി വിജയകുമാരൻ വ്യക്തമാക്കി.

പൊലീസ് നായ മണം പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിലെ കുളിമുറി വരെയെത്തിയിട്ടുണ്ട്. വീട്ടുമുറ്റത്തെ കുളത്തിൽ നിന്നും മരം കൊണ്ടുണ്ടാക്കിയ ചിരവയും, പുൽപായയും കണ്ടെടുത്തിട്ടുണ്ട്. വീടിനകത്ത് ബലപ്രയോഗം നടന്നതിന്റെ പാടുകൾ ഉണ്ടെന്നും അന്വേഷണ ഉദ്യാഗസ്ഥർ പറഞ്ഞു. വിരലടയാള വിദഗ്‍ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിലെ തൊഴിലാളിയായ വിജിത്ത് ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു.
 

click me!