ഉദുമ സ്വദേശി വാങ്ങിയ ഹീറോ പാഷൻ പ്ലസ് പ്രോ ബൈക്കാണ് വാങ്ങിയ ആഴ്ച തന്നെ തകരാറിലായത്. രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഗിരീശനെ തേടി അനുകൂല വിധി എത്തിയത്
കാസർകോട്: ഏറെ ആഗ്രഹിച്ച് വാങ്ങിയ ബൈക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ തകരാറിലായി. കമ്പനി കൈ ഒഴിഞ്ഞതോടെ യുവാവ് കോടതിയിലേക്ക്. അഭിഭാഷകൻ പോലുമില്ലാതെ കേസ് വാദിച്ച് ജയിച്ച യുവാവിന് ഹീറോ ഷോ റൂം നഷ്ടപരിഹാരം നൽകണം. ഒരു ലക്ഷം രൂപയോളം ചെലവിൽ ഉദുമ സ്വദേശി വാങ്ങിയ ഹീറോ പാഷൻ പ്ലസ് പ്രോ ബൈക്കാണ് വാങ്ങിയ ആഴ്ച തന്നെ തകരാറിലായത്.പുതിയ ബൈക്ക് വാങ്ങി ഒരാഴ്ച്ചക്കുള്ളിൽ തകരാറിലായി. തകരാറ് ബൈക്ക് വാങ്ങിയ ഷോറൂമിൽ അറിയിച്ചെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ല.ഇതോടെ കോടതിയെ സമീപിച്ച ബൈക്ക് ഉടമയ്ക്ക് അനുകൂല വിധി. ബൈക്കിന്റെ വിലയായ പണം തിരികെ നൽകാനാണ് കോടതി വിധിച്ചത്.2023 ഡിസംബർ 20നാണ് ഉദുമ സ്വദേശി ഗിരീശൻ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് ഹീറോ മോട്ടോർസിന്റെ കാസർകോട്ടെ ഡീലർഷിപ്പിൽ നിന്നും ബൈക്ക് വാങ്ങിയത്. ജോലിക്ക് കൃത്യസമയത്ത് എത്താനാവുമെന്ന കരുതലിൽ വാങ്ങിയ ബൈക്ക് മൂലം യുവാവിന് ജോലിയും നഷ്ടമായിരുന്നു.
ജോലി നഷ്ടമാകാനും കാരണമായി ബൈക്ക്
വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ കുറച്ചു ദൂരം പിന്നിട്ടാൽ വണ്ടി ഓഫാകുന്നത് പതിവാകുന്നതായിരുന്നു തകരാറെന്നാണ് ഗിരീശൻ പറയുന്നത്.സെൽഫ് സ്റ്റാർട്ടും, കിക്കർ അടിച്ചാലും വണ്ടി സ്റ്റാർട്ട് ആകില്ല. പിന്നീട് വണ്ടി സ്റ്റാർട്ട് ആകണമെങ്കിൽ ഒരു മണിക്കൂറോളം വേണ്ടിവരും. ഇത് ഷോറൂം മാനേജരെ അറിയിച്ചെങ്കിലും ബാറ്ററി പ്രശ്നം ആണെന്ന് പറഞ്ഞു രണ്ടു തവണ ബാറ്ററി മാറ്റി. എന്നാൽ തകരാർ സ്ഥിരമായി. തുടർന്ന് വീണ്ടും സർവീസ് സെന്ററിൽ എത്തിയപ്പോൾ മൂന്ന് ലിറ്റർ പെട്രോൾ സ്ഥിരമായി വേണമെന്നും ചിലപ്പോൾ അത് ഇല്ലാത്തതു കൊണ്ടാകും ഈ പ്രശ്നമെന്നും പറഞ്ഞു. അങ്ങനെ ഫുൾ ടാങ്ക് എണ്ണ അടിച്ച് വീണ്ടും വണ്ടിയുമായി യാത്ര തുടർന്നെങ്കിലും പകുതിക്ക് വെച്ച് വണ്ടി ഓഫായി.വീണ്ടും മാനേജറെ അറിയിച്ചെങ്കിലും മാനേജർ കൈ മലർത്തി. ജോലി സമയത്ത് എത്താൻ കഴിയാത്തതിനാൽ തന്റെ ജോലി പോയെനും ഗിരീശൻ പറയുന്നു.
ഇതോടെയാണ് ഗിരീശൻ കാസർകോട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പുത്തൻ ബൈക്ക് സർവീസ് ചെയ്ത കാര്യങ്ങളും വണ്ടി ഓഫായതിന്റെ വീഡിയോ അടക്കം കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ഇല്ലാതെ ആണ് ഗിരീഷ് കേസ് വാദിച്ചത്. അങ്ങനെ രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഗിരീശനെ തേടി അനുകൂല വിധി എത്തി.ബൈക്കിന് സർവീസ് നൽകാത്ത കമ്പനി ഡീലർഷിപ്പിനെതിരെയായിരുന്നു കോടതി വിധി.ബൈക്കിന്റെ വിലയ്ക്ക് പുറമെ, നഷ്ടപരിഹാരവും കോടതി ചിലവും ഗിരീശന് ലഭിക്കും.


