കൊച്ചി: എറണാകുളം പറവൂരിൽ നായയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ചയാൾ അറസ്റ്റിൽ. എറണാകുളം കുന്നുകര ചാലാക്ക സ്വദേശി യൂസഫാണ് പിടിയിലായത്. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് യൂസഫ് മൊഴി നൽകിയത്. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച ഇയാളുടെ വാഹനം തടഞ്ഞുനിർത്തി നാട്ടുകാരാണ് കാറിൽ കെട്ടിവലിച്ച നായയെ രക്ഷിച്ചത്.
സംഭവത്തിൽ കർശനനടപടിയെടുക്കാൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിട്ടുണ്ട്. കെട്ടി വലിക്കാനുപയോഗിച്ച കാർ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. പറവൂർ ചാലക്കര മെഡിക്കൽ കോളേജിനടുത്തുവെച്ച് നായയെ കാറിൽ കെട്ടിവലിച്ചുകൊണ്ട് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. ആദ്യം കാറിന് പിന്നാലെ ഓടിയ നായ വാഹനത്തിന്റെ വേഗത കൂടിയതോടെ റോഡിൽ തളര്‍ന്നു വീണു. റോഡിലൂടെ വലിച്ചിഴാണ് കാർ പിന്നീട് മുന്നോട്ട് നീങ്ങിയത്. ക്രൂരത ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനത്തെ പിന്തുടരുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു.
വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഇവരോട് ഉടമ കയര്‍ത്തു. പിന്നീട് നാട്ടുകാര്‍ ചേർന്ന് വാഹനം തടഞ്ഞതോടെയാണ് ഇയാൾ നായയെ അഴിച്ചു വിട്ടത്. നായയുടെ ശരീരമാസകലം റോഡിലുരഞ്ഞ മുറിവുകളുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ നാട്ടുകാര്‍ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ യൂസഫ് ഒളിവിൽ പോവുകയായിരുന്നു. പൊലീസിന് പുറമേ ആനിമൽ വെൽഫെയർ ബോര്‍ഡിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam