
തൃശ്ശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒറ്റപ്പാലം സ്വദേശി കുഞ്ഞുലക്ഷ്മിയുടേതെന്ന് കണ്ടെത്തി. ഇവരെ കൊന്ന് കത്തിച്ചതല്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ മാസം എട്ടാം തീയതി മുതൽ കുഞ്ഞുലക്ഷ്മിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഒമ്പതാം തീയതി ബന്ധുക്കൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണം ഊർജിതമായി നടന്ന് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കുഞ്ഞു ലക്ഷ്മി കുറാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ രണ്ടാഴ്ച്ച കിടത്തി ചികിത്സക്ക് വിധേയയാവുകയും ചെയ്തിരുന്നു. തുടർന്ന് ഡിസംബറിലാണ് അവസാനമായി ആരോഗ്യ കേന്ദ്രത്തിലെത്തിയത്.
ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയപ്പോൾ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ഈ വഴിക്ക് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതക സൂചനയില്ല. കൊന്ന് കത്തിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ പരുക്കുകളൊന്നും ഇല്ലാത്തതും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ, ഈ നിലപാടുകൾ ബന്ധുക്കൾ അംഗീകരിക്കുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
Read Also: തൃശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, ശരീരത്തില്‍ ആഭരണങ്ങള്‍; അന്വേഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam