വഴിയാത്രക്കാരന്‍റെ മരണം; ബസ് ഡ്രൈവര്‍ രക്ഷപ്പെട്ട വാഹനത്തിന്‍റെ നമ്പര്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്‍റേത്

By Web TeamFirst Published Oct 31, 2022, 1:17 PM IST
Highlights

വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ അനസ് ഒളിവിൽ പോയി. 
 


എറണാകുളം:  വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ബസിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ട ഇന്നോവ കാറിന്‍റെ നമ്പര്‍ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനത്തിന്‍റെത്. കേരള സ്റ്റേറ്റ് പന്ത്രണ്ട് എന്ന് എഴുതിയ രണ്ട് ബോർഡുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ അനസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അനസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃക്കാക്കര സ്വദേശി അജാസ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ മാസം എട്ടിനായിരുന്നു തോപ്പുംപടിയിൽ വെച്ച്  വഴിയാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് ദാരുണമായി കൊല്ലപ്പെട്ടത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ അനസ് ഒളിവിൽ പോയി. 

അനസിന് ഒളിവിൽ പോകാൻ സഹായം ചെയ്തത് തൃക്കാക്കര സ്വദേശി അജാസ്, റഫ്സൽ, നവാസ് എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അജാസിന്‍റെ കാറിൽ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന 'കേരള സ്റ്റേറ്റ് 12' എന്നെഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയത്. കൂടാതെ ദുരൂഹമായ നിരവധി ബാങ്ക് പാസ് ബുക്കും ഇയാളില്‍ നിന്ന് കണ്ടെത്തി. 

അജാസിനെതിരെ മറ്റ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ്  പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. അതേസമയം അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും സ്വകാര്യ ബസ് ഡ്രൈവറെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 
 

click me!