ഹരിയാനയില്‍ ബിസിനസുകാരനെ കവര്‍ച്ച ചെയ്തു, കാറില്‍ പൂട്ടിയിട്ട് തീയിട്ട് കൊന്ന് അജ്ഞാത സംഘം

By Web TeamFirst Published Oct 8, 2020, 12:28 PM IST
Highlights

ബര്‍വാലയില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും നിര്‍മ്മിക്കുന്ന ഫാക്ടറി നടത്തുകയാണ് റാം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം
 

ദില്ലി: കയ്യിലുണ്ടായിരുന്ന 11 ലക്ഷം രൂപ കവര്‍ന്ന് കാറില്‍ പൂട്ടിയിട്ട് ബിസനസുകാരനെ തീയിട്ടുകൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റാം മെഹര്‍ എന്ന 35കാരനെയാണ് അജ്ഞാത സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. കാറില്‍ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു റാം. ഇതിനിടയില്‍ കാര്‍ തടഞ്ഞ അജ്ഞാത സംഘം കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും റാമിനെ കാറില്‍ പൂട്ടിയിട്ട് കാര്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. 

സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും റാം മരിച്ചിരുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ നിന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞ പൊലീസ് ഉടനെ ബന്ധുക്കളെ വിവരമറിയിച്ചു. ബര്‍വാലയില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും നിര്‍മ്മിക്കുന്ന ഫാക്ടറി നടത്തുകയാണ് റാം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

അജ്ഞാത സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. ഹരിയാന ഗുണ്ടകളുടെ ഭൂമിയായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. 

click me!