ലോക്ക്ഡൗണ്‍ ലംഘിച്ച് വനിത സുഹൃത്തിന്റെ വീട്ടില്‍; അഭിഭാഷകനെ അതേ വീട്ടില്‍ നിരീക്ഷണത്തിലാക്കി, കേസും

By Web TeamFirst Published May 3, 2020, 12:31 AM IST
Highlights

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകനെതിരെ കേസ്. 

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകനെതിരെ കേസ്. ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് ജി മുരളീധരനെതിരെയാണ് കൊല്ലം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തത്. അഭിഭാഷകനെ ആരോഗ്യ വകുപ്പ് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി.

അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിരോധനാജ്ഞയും ട്രിപ്പിള്‍ ലോക്ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നുപോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. 

കലക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിച്ചു. ഇതിനിടെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നു അഭിഭാഷകന്‍ മുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചു. ചാത്തന്നൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് പരിശോധച്ച് അഭിഭാഷകൻ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കി. 

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കേസെടുത്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന. വനിതാ സുഹൃത്തിന്റെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണ്.

click me!