63കാരിയായ സുലേഖ ബീവിയെ ചെറുമകനായ മുഹമ്മദ് ഷഹനാസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് 26കാരനായ പ്രതി മുത്തശ്ശിയുടെ ജീവനെടുത്തത്.
കൊല്ലം: കൊല്ലം ചവറയില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് നിമഗനം. 26കാരനായ മുഹമ്മദ് ഷഹനാസാണ് 63 വയസുള്ള സുലേഖ ബീവിയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചത്. കൊലപാതക ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയാണ് ചവറയിലെ വട്ടത്തറയെന്ന ഗ്രാമത്തെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. 63കാരിയായ സുലേഖ ബീവിയെ ചെറുമകനായ മുഹമ്മദ് ഷഹനാസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് 26കാരനായ പ്രതി മുത്തശ്ശിയുടെ ജീവനെടുത്തത്.
പകല്‍ സമയത്ത് ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന ഷഹനാസിന്‍റെ അമ്മ വൈകിട്ട് മടങ്ങിയെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. വീട്ടിനുള്ളില്‍ പരിശോധിപ്പോഴാണ് കട്ടിലിനടില്‍ മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തിയതോടെ ഷഹനാസ് രക്ഷപെടാന്‍ ശ്രമിച്ചു. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കാലിന്‍റെ പകുതി ഭാഗം വരെ ചാക്കില്‍ കയറ്റിയ നിലയിലാണ് കട്ടിലിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയാണ് ഷഹനാസെന്ന് നാട്ടുകാർ പറയുന്നു. മോഷണം, ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഷഹനാസെന്ന് ചവറ പൊലീസ് വ്യക്തമാക്കി. സമീപവാസിയെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നു. ഷഹനാസിന്‍റെ അമ്മ ഇന്നലെ വീട്ടിൽ ജീവനൊടുക്കാന്‍ ശ്രമം നടത്തി. പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

