
തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ 4202 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനുള്ള സംവിധാനം തൊഴില്‍ വകുപ്പിനോ പൊലിസിനോ ഇല്ലാത്തതാണ് പ്രശ്നം. അന്പലമുക്കില്‍ വിനിതയെ കുത്തിക്കൊന്ന കൊടുംകുറ്റവാളി രാജേന്ദ്രൻ നിരവധി കൊലക്കേസിൽ പ്രതിയായിട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്.
കേരളം ഞെട്ടിയ അമ്പലംമുക്ക് വിനിത കൊലപാതകം. തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊടും കുറ്റവാളി. ഇയാളുടെ അഞ്ചാമത്തെ ഇരയായിരുന്നു വിനീത. രാജേന്ദ്രന്‍റെ തമിഴ്നാട്ടിലെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നെങ്കില്‍ വിനീത കൊലകത്തിക്ക് ഇരയാകില്ലായിരുന്നു. സംസ്ഥാനത്ത് ഇതര സംസ്ഥാനത്തൊഴിലാളി ജോലിക്കെത്തണമെങ്കില്‍ അയാള്‍ താമസിക്കുന്ന സ്ഥലത്തെ പൊലിസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.
സ്ഥാപനം പൊലീസ് സര്‍ട്ടിഫിക്കറ്റും ജോലിക്കെത്തുന്നയാളുടെ മറ്റ് വിവരങ്ങളും അടുത്തുള്ള പൊലീസ് സ്റ്റേഷനെ അറിയിക്കണം എന്നാണ് നിയമം. ലേബര്‍ ഓഫീസര്‍മാരും ഇക്കാര്യം പരിശോധിക്കണം. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നിരവധിപ്പേര്‍ പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കില്ല.
ചോദിക്കാൻ സ്ഥാപന ഉടമകളും തയ്യാറാകില്ല. പൊലീസും തൊഴില്‍ വകുപ്പും ഈ പരിശോധനകള്‍ വഴിപാട് പോലേയാക്കി. ചില ഇതര സംസ്ഥാനക്കാരായ കൊടുംകുറ്റവാളികള്‍ ഒളിവില്‍ പാര്‍ക്കാൻ സൗകര്യത്തിനാണ് കേരളത്തില്‍ ജോലിക്കെത്തുന്നത്. ബോഡോ- മാവോയിസ്റ്റ് ബന്ധമുള്ളവരേയും ധാരാളം സംസ്ഥാനത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.
പെരുമ്പാവൂരിലെ ജിഷാ കൊലപാതകവും ഏറ്റവുമൊടുവില്‍ കിറ്റെക്സിലെ ആക്രമണവും. എന്നിട്ടും നമ്മുടെ സംവിധാനങ്ങള്‍ ഉണര്‍ന്നില്ല. സംസ്ഥാനത്ത് 37 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും രണ്ടരലക്ഷം പേര്‍ പുതുതായി എത്തുന്നു എന്നാണ് കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam