സ്വർണ കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെ ഒന്നാം പ്രതിയാക്കി സിബിഐയുടെ എഫ്ഐആർ

By Web TeamFirst Published Jun 4, 2019, 11:37 PM IST
Highlights

ദുബായിൽ നിന്നും സ്വർണവുമായി പ്രതികള്‍ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്സേ -റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമായിട്ടുണ്ടെന്ന് സിബിഐ

തിരുവനന്തപുരം:  വിമാനത്താവളംവഴിയുള്ള സ്വർണ കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി സിബിഐയുടെ എഫ്ഐആർ. 9 പേരെയാണ് സിബിഐ പ്രതിയാക്കിയത്. വിമാനത്താവളം വഴിയുള്ള സ്വ‍ർണ കടത്തിന് സഹായം ചെയ്ത കസ്റ്റസ് സൂപ്രണ്ട് രാധാകൃഷ്ണനെയാണ് സിബിഐ ഒന്നാം പ്രതിയാക്കിയത്. 

25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിൽ കുമാ‍ർ, സെറീന ഷാജി, സ്വർണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹൻ, പ്രകാശ് തമ്പി, ബിജു മോഹൻറെ ഭാര്യ വിനീത, സ്വർണം വാങ്ങിയിരുന്ന പിപിഎം ചെയിൻസ് എന്ന ജ്വല്ലറിയുടെ മാനേജർമാരായ പി കെ റാഷിദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹൻ നേരത്തെ കീഴടങ്ങിയിരുന്നു വിഷ്ണു, അബ്ദുള്‍ ഹക്കീം എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. 

ദുബായിൽ നിന്നും സ്വർണം നൽകിയിരുന്ന ജിത്തു, സ്വർണം വാങ്ങിയിരുന്ന മുഹമ്മദ് എന്നിവരെ പ്രതിചേർത്തിട്ടില്ല. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വർണം കടത്താൻ രാധാകൃഷ്ണൻ സഹായിച്ചിരുന്നുവെന്നാണ് സിബിഐ പറയുന്നു. ദുബായിൽ നിന്നും സ്വർണവുമായി പ്രതികള്‍ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്സേ -റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും എഫ്ഐആറിൽ സിബിഐ പറയുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.
 

click me!