ഓരോ കേസിനും സിബിഐ ഇനി സർക്കാരിനോട് ചോദിക്കണം, ആദ്യകേസ് കരിപ്പൂർ കള്ളക്കടത്ത്

By Web TeamFirst Published Jan 16, 2021, 12:18 PM IST
Highlights

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂരില്‍ മിന്നൽപരിശോധന നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്നായിരുന്നു ആ രഹസ്യ വിവരം.

കോഴിക്കോട്: കരിപ്പൂരില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് അനുമതി തേടി സിബിഐ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കും.  നയതന്ത്രകള്ളക്കടത്ത് കേസിനെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി  സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്. ഓരോ കേസിനും ഇപ്പോള്‍ പ്രത്യേകം അനുമതി തേടേണ്ട ഗതികേടിലാണ് സിബിഐ ഇപ്പോള്‍.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂരില്‍ മിന്നൽ പരിശോധന നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്നായിരുന്നു ആ രഹസ്യ വിവരം. ഷാര്‍ജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം എത്തിയതിന്  പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയിൽ നിന്ന് കണ്ടെടുത്തത് മൂന്നര ലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവും. ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും സിഗരറ്റ് പാക്കറ്റുകളും.

സാധാരണ ഗതിയില്‍ കേസെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സിബിഐ കടക്കേണ്ടതാണ് .എന്നാല്‍ ഈ കേസിൽ അതിന് കഴിഞ്ഞില്ല. കേന്ദ്ര അന്വേഷണ ഏജൻസികളുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി കഴിഞ്ഞ നവംബറില്‍ സംസ്ഥാന സർക്കാർ പിന്‍വലിച്ചതാണ് കാരണം.

നിലവില്‍ ഒരോ കേസിനും പ്രത്യേകം പ്രത്യേകം അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കേണ്ട ഗതികേടിലാണ് സിബിഐ. കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് അനുമതിക്കായി ഉടന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുമെന്ന് സിബിഐ വൃത്തങ്ങല്‍ അറിയിച്ചു.ഈ അനുമതി ലഭിച്ചാലേ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാനാകൂ.  സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്‍റീവ് കമീഷണറേറ്റ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്‌. ആഭ്യന്തര അന്വേഷണത്തിന് ശേഷം ഈ ഉദ്യോഗസ്ഥര്‍ക്കതിരെ കള്ളക്കടത്തിന് കേസെടുക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

click me!