അമ്പൂരി കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: പ്രതികള്‍ ഇപ്പോഴും റിമാന്‍ഡില്‍

By Web TeamFirst Published Oct 17, 2019, 5:45 PM IST
Highlights

പ്രതികളെ അറസ്റ്റ് ചെയ്ത 83 ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. സഹോദരങ്ങളായ അഖിൽ, രാഹുൽ, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിൽ മൂന്നു പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചു. ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിലാണ് കഴുത്തു ഞെരിച്ച് കൊന്നതെന്നാണ് കുറ്റപത്രം. പ്രതികളെ അറസ്റ്റ് ചെയ്ത 83 ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

സഹോദരങ്ങളായ അഖിൽ, രാഹുൽ, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. അഖിലും കൊല്ലപ്പെട്ട രാഖിയുമായി അടുപ്പത്തിലായിരുന്നു. എറണാകുളത്ത് വച്ച് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു.പക്ഷെ ഇതിനിടെ അഖിൽ മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിനെ രാഖി എതി‍ർത്തതിനെ തുടർന്നാണ് കൊലപാതകം പ്രതികള്‍ ചേർന്ന് ആസൂത്രണം ചെയതതെന്നാണ് കുറ്റപത്രം. 

ജൂണ്‍ 21ന് അഖിൽ നെയ്യാറ്റിൻകരയിലേക്ക് രാഖിയെ വിളിച്ചുവരുത്തി. സുഹൃത്തിൻറെ കാറില്‍ കയറ്റി അമ്പൂരിയിൽ പണി കഴിപ്പിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. വഴിമധ്യേ വച്ച് കാറിൽ കയറിയ രാഹുലാണ് പിന്നീട് വാഹനമോടിച്ചത്. പിൻസീറ്റിലിരുന്ന അഖിൽ രാഖിയുടെ കഴുത്തു ആദ്യം ഞെരിച്ചു, പിന്നെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. 

ഒന്നും രണ്ടും പ്രതികളും അയ‌ൽവാസിയുമായ ആദർശും ചേർന്ന് മൃതദേഹം വീട്ടുവളപ്പിൽ  കുഴിച്ചുമൂടി. രാഖിയുടെ വസ്ത്രങ്ങളും ബാഗും മൊബൈലും പ്രതികള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ജൂലൈ 26നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഒരാഴ്ചക്കുള്ളിൽ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.  

നെയ്യാറ്റിൻകര കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ 115 സാക്ഷികളും 150 ലേറെ തൊണ്ടിമുതലുകളുമുണ്ട്. പൂവാർ സിഐ രാജീവിന്‍െ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രതികള്‍ ഇപ്പോഴും റിമാൻഡിലാണ്.

click me!