സ്ഥലംമാറ്റം കിട്ടിയില്ല: ദയാവധം അനുവദിക്കണമെന്ന് പൊലീസുകാരന്റെ അപേക്ഷ

By Web TeamFirst Published Oct 17, 2019, 2:39 PM IST
Highlights
  • സ്വന്തം നാടായ ഇട്ടാവയിലേക്ക് ട്രാൻസ്‌ഫർ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല
  • ഹൃദ്രോഗിയായ പൊലീസുകാരന് ഒരു തവണ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്

അമേഠി: ദേശീയ മനുഷ്യാവകാശ കമ്മിഷന് മുന്നിൽ ദയാവധത്തിനുള്ള അപേക്ഷ സമർപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹൃദ്രോഗിയാണെന്നും, അസുഖത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടാൻ മരിക്കാൻ അനുവദിക്കണം എന്നുമാണ് അപേക്ഷ.

ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിൾ മഹാവീർ സിംഗാണ് ആവശ്യക്കാരൻ. യുപിയിലെ ഇട്ടാവ ജില്ലക്കാരനാണ് ഇദ്ദേഹം. ഹൃദ്രോഗിയുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇദ്ദേഹം രോഗബാധിതനാണ്. ഒരു തവണ ഗുരുതരമല്ലാത്ത ഹൃദയ സ്‌തംഭനം ഉണ്ടായിരുന്നു.

ഇതേ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പലതവണ ഇദ്ദേഹം സ്ഥലംമാറ്റ അപേക്ഷ സമർപ്പിച്ചു. സ്വന്തം നാടായ ഇട്ടാവയിലേക്ക് മാറ്റം തരണം എന്നായിരുന്നു അപേക്ഷ. എന്നാൽ ഈ ആവശ്യം പൊലീസ് സേന തള്ളി. രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ കരുതലും ചികിത്സയും ലഭിക്കാൻ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നായിരുന്നു മഹാവീർ സിംഗ് ആവശ്യപ്പെട്ടത്.

ഐജിക്കടക്കം അപേക്ഷ സമർപ്പിച്ചിട്ടും അനുകൂല തീരുമാനം ഇല്ലാതെ വന്നതോടെയാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. സിംഗിന്റെ ഈ നീക്കം യുപിയിലെ പൊലീസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

click me!