കൊല്ലം: കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത് .
ഡിജിപിയുടെ അന്തിമ അനുമതി വൈകിയതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകിയത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ അസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് സൂരജിന് എതിരെ ഉള്ളത്.
അന്വേഷണത്തിന് പൊലീസിനെ സഹായിച്ച വിദഗ്ദ സമിതി അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് സാക്ഷിപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തകാരന്‍ സുരേഷിനെ മാപ്പുസാക്ഷി ആക്കിയിരുന്നു.
ഉത്രയുടെ അച്ഛന്‍റെയും സഹോദരന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം . 83 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നല്‍കുന്നതിന് വേണ്ടി വനം, ആരോഗ്യം എന്നി വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വനവന്യജീവി നിയമം അനുസരിച്ച് വനംവകുപ്പ് ഇന്നലെ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam