സര്‍വ്വകലാശാല ലാബില്‍ മയക്കുമരുന്ന് നിര്‍മ്മിച്ച് ഉപയോഗിച്ച അധ്യാപകര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 18, 2019, 11:51 AM IST
Highlights
  • മയക്കുമരുന്ന് നിര്‍മ്മിക്കാനായി അധ്യാപകര്‍ ഉപയോഗിച്ചത് സര്‍വ്വകലാശാല ലാബ്
  • അധ്യാപകരെയും അന്വേഷണ വിധേയമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സര്‍വ്വകലാശാല

ആര്‍കന്‍സാസ്(അമേരിക്ക): സര്‍വ്വകലാശാലക്കുള്ളില്‍ വച്ച് മയക്കുമരുന്ന് നിര്‍മ്മിച്ച് ഉപയോഗിച്ച കെമിസ്ട്രി അധ്യാപകര്‍ അറസ്റ്റില്‍. അമേരിക്കയിലെ ആര്‍കന്‍സാസിലെ ഹെന്‍ഡേഴ്സന്‍ സര്‍വ്വകലാശാലയിലെ അധ്യാപകരാണ് പിടിയിലായത്. കെമിസ്ട്രി അധ്യാപകനും 45കാരനുമായ ടെറി ഡേവിഡ് ബെറ്റ്മാന്‍, 40കാരനായ അലന്‍ റോലന്‍ഡ് എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന മെത്താഫിറ്റമിന്‍ നിര്‍മ്മിച്ച് ഉപയോഗിച്ചതിനാണ് അറസ്റ്റ്.

പാരഫെര്‍നാലിയ എന്ന മയക്കുമരുന്നും ഇവര്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സര്‍വ്വകലാശാല ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചു. സര്‍വ്വകലാശാലയിലെ ലാബില്‍ വച്ച് തന്നെയായിരുന്നു അധ്യാപകര്‍ മയക്കുമരുന്ന് നിര്‍മ്മിച്ചിരുന്നത്. ലാബില്‍ നിന്ന് പരിചിതമല്ലാത്ത മണം പുറത്തെത്തിയത് ശ്രദ്ധയില്‍പ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടത്. 

മെത്ത് നിര്‍മ്മിക്കാന്‍ ആവശ്യമായ കെമിക്കലുകള്‍ ഇവര്‍ ലാബില്‍ തന്നെ ക്രമീകരിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാബും സര്‍വ്വകലാശാല അടച്ചു. ഇവിടം വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാമെന്ന് കണ്ടെത്തിയതിന് ശേഷം തുറന്ന് നല്‍കുമെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. 

അധ്യാപകര്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ചതായി പ്രഥമദൃഷ്ടിയില്‍ വ്യക്തമായതായി സര്‍വ്വകലാശാല വക്താവ് വിശദമാക്കി. സര്‍വ്വകലാശാലയില്‍ പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ളവരാണ് രണ്ട് അധ്യാപകരും. ഈ വിഭാഗം മയക്കുമരുന്നുകളുടെ നിര്‍മ്മാണം 40വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പാരഫെര്‍നാലിയ ഉപയോഗിക്കുന്നത് 20 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

click me!