
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസിലെ തൊണ്ടി മുതലായ മൊബൈൽ ഫോൺ കോടതിയിൽ മാറ്റി നൽകിയ പൊലീസുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയ ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്.
ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഷൂജ തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഷൂജയുടെ ബന്ധുവായ ആളുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഈ ഫോൺ സ്റ്റേഷനിൽ കൊവിഡ് വോളന്റിയറായി സേവനം നടത്തിയ സെയ് ദലി എന്ന യുവാവിന് ഷൂജ കൈമാറി. പിന്നീട് പുതിയ ഫോണാണ് കോടതിയിൽ തെളിവായി നൽകിയത്. ഐഎംഇഐ നമ്പരിൽ വ്യത്യാസം കണ്ടപ്പോഴാണ് കൃത്രിമം വ്യക്തമായത്. തുടർന്ന് പരവൂർ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥയടക്കം ഒമ്പതു പൊലീസുകാരെ സ്ഥലം മാറ്റി.
എന്നാൽ ഷൂജ അപ്പോഴെല്ലാം ആർക്കും സംശയത്തിന് ഇടനൽകിയില്ല. അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാർ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏൽപ്പിച്ചത്. ഐ എം ഇ എ നമ്പർ വച്ചുള്ള അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സെയ്ദലിയാണ് ഫോൺ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.
ഇതിനിടെ വാഹന മോഷണ കേസിൽ അറസ്റ്റിലായ സെയ്ദാലിയെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടി മാറ്റിയത് ഷൂജയാണെന്ന് വ്യക്തമായത്. കുറച്ചു ദിവസം സൂക്ഷിക്കണമെന്ന് പറഞ്ഞാണ് ഷൂജ തനിക്ക് മൊബൈൽ കൈമാറിയതെന്ന് സെയ്ദാലി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇതോടെയാണ് ഷൂജയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അസോസിയേഷനിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ഷൂജ ശ്രമിച്ചിരുന്നു. എന്നാൽ സ്ഥലം മാറ്റ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം ശക്തമായതോടെയാണ് ഷൂജയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam