സിഐ നവാസിനെ കാണാതായ സംഭവം: അന്വേഷണം തെക്കൻ കേരളത്തിലേക്ക്

By Web TeamFirst Published Jun 14, 2019, 10:08 AM IST
Highlights

ഇന്നലെ കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു. 

കൊച്ചി: കാണാതായ സെൻട്രൽ സിഐ വി എസ് നവാസിനായി തെക്കൻ കേരളത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. തെക്കൻ ജില്ലകളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഇന്നലെ കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ  കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.

പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്നത്തെ തുടർന്ന് നവാസ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നൽകിയ പരാതിയിൽ ഉള്ളത്.

ഡിജിപിയുടെ ഉത്തരവനുസരിച്ച് കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സി ഐ നവാസിന്‍റെ തിരോധാനം അന്വേഷിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജിന്‍റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു. 

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

click me!