'തുറന്നാൽ മുട്ടിലിഴഞ്ഞ് വീട്ടിൽ പോകാം', മുത്തൂറ്റ് മാനേജർക്ക് സിഐടിയുവിന്‍റെ ഭീഷണി

By Web TeamFirst Published Sep 8, 2019, 11:08 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ജീവനക്കാരും ഇടപാടുകാരും സിഐറ്റിയു പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി.

ആലപ്പുഴ: സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് ശാഖ മാനേജർക്ക് നേരെ സിഐടിയു നേതാവിന്‍റെ ഭീഷണി. ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജരെയാണ് സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനൻ ഫോണിലൂടെ ഭീഷണിപെടുത്തിയത്. ഇനിയും ബ്രാഞ്ച് തുറന്നാൽ മുട്ടിലിഴഞ്ഞു വീട്ടിൽ പോകേണ്ടി വരുമെന്നും ഓണം കാണില്ലെന്നുമായിരുന്നു ഭീഷണി. 
 
കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ജീവനക്കാരും ഇടപാടുകാരും സിഐടിയു പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അന്ന് ഇടപാടുകാരുടെ ആവശ്യപ്രകാരം ബ്രാഞ്ച് തുറന്നു പ്രവർത്തിക്കാൻ പോലീസ് അനുമതി നൽകി. ഇതിനു പിന്നാലെ ശനിയാഴ്ച മാനേജർ എത്തി ബാങ്ക് തുറന്നതോടെയാണ് സിഐറ്റിയു നേതാവ് പ്രകോപിതനായത്. 

കൈനകരി സ്വദേശിയാണെന്ന് അറിയാമെന്നും സംഘടന കൃത്യമായി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും നേതാവ് മാനേജറോട് പറയുന്നു. പാർട്ടി ജില്ലാ സെക്രട്ടറി അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി പി ചിത്തരഞ്ചന്‍റെ സഹോദരനാണ് പവനൻ. അതേസമയം, ഓഡിയോ സംഭാഷണം തന്‍റേതല്ലെന്നാണ് പി പി പവനന്‍റെ വിശദീകരണം.
 

click me!