
പൊത്തുകല്‍: വീടിന്‍റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനിയര്‍ അറസ്റ്റില്‍. മലപ്പുറം എടക്കര ഉപ്പട ഗ്രാമത്തിലെ ഇവി അരുണിനെയാണ് പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 30 വയസുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവു ചെടികകള്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് പാത്രത്തില്‍ പാകി കിളിര്‍പ്പിച്ച നടാന്‍ പാകത്തിനുള്ള അന്‍പത്തിയഞ്ച് തൈകളും സമീപത്തായി പച്ചക്കറിക്കൃഷി നടത്തുന്നതിനിടയില്‍ കൃഷിചെയ്ത രണ്ട് തൈകളുമടക്കം അന്‍പത്തിയേഴ് തൈകളാണ് സംഘം പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് പാത്രത്തിലുള്ള തൈകള്‍ക്ക് ആറുമുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകള്‍ക്ക് പതിനഞ്ച് സെന്റീമീറ്റര്‍ ഉയരവുമാണ് ഉള്ളത്. സിവില്‍ എന്‍ജിനീയറായ അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയത്. അരുണ്‍കുമാറിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കി. തൈകളുടെ സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam