
കൊച്ചി: ആലുവ മെട്രോ സ്റ്റേഷനടുത്ത് ചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം. വനിത യൂട്യൂബറോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനിലെത്തിയ വനിതാ യൂട്യൂബർ ഇന്നും യാത്രക്കാരോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇവരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നിർബന്ധിച്ച് തടഞ്ഞ് നിർത്തിയതോടെയാണ് വീണ്ടും ഓട്ടോക്കാർ ഇടപെട്ടത്. ഇതോടെ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഓട്ടോക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഓട്ടോ തൊഴിലാളികളായ സനോജ് ഇ.എസ്, സിദ്ദീഖ് കെ.എ. അബി എ.ജി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യൂ ട്യൂബറുടെ സംഘം
മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ഇവരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥിനികളോട് അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബറെ ആലുവ മെട്രോ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ ചോദ്യം ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെ തൊട്ടടുത്ത ദിവസങ്ങളിലും ചോദ്യങ്ങളുമായെത്തി തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഓട്ടോക്കാർ പറയുന്നു.
Read Also: 'ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും'; സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam