
ആലുവ: ഛത്തീസ്ഗഡിലെ കോടികളുടെ ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാർത്തയിൽ തെറ്റായി തന്‍റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ ആലുവയിലെ കോളേജ് അധ്യാപിക നിയമനടപടിയുമായി രംഗത്ത്. രേഖാ നായരെന്ന പ്രതിയുടെ ചിത്രത്തിന് പകരം കോളേജ് അധ്യാപികയുടെ ചിത്രമാണ് നൽകിയത്.
കഴിഞ്ഞ മാർച്ച് 16നാണ് ആദ്യം ഛത്തീസ്ഗഡിലെ പ്രമുഖ ദിനപ്പത്രത്തിൽ രേഖാ നായരുടെ ഈ ചിത്രം സഹിതം വാർത്ത വരുന്നത്.ആലുവ യുസി കോളേജ് ഇംഗ്ലീഷ് അധ്യാപികയായ രേഖാ നായരുടെ കോളേജ് വെബ്സൈറ്റിലുള്ള അതേ ചിത്രം. ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥിയാണ് രേഖക്ക് ചിത്രം അയച്ച് നൽകിയത്. ഇരുപതാം തിയതിയും പത്രം തെറ്റ് ആവർത്തിച്ചു. തുടർന്ന് ചില ദേശീയ ഓൺലൈൻ വെബ്സൈറ്റുകളും ഇത് ഏറ്റെടുത്തു.
ഛത്തീസ്ഗഡ് ഡിജിപി ആയിരുന്ന മുകേഷ് ഗുപ്തയുടെ സ്റ്റെനോഗ്രാഫറായ കൊല്ലം സ്വദേശി രേഖാ നായര്‍ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഛത്തീസ്ഗഡിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും പ്രതികളായ കേസിൽ 3600 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉയർന്നത്.വമ്പന്മാർ പ്രതികളായ കേസിൽ സംഭവിച്ചത് യാദൃശ്ചികമല്ലെന്നാണ് ഈ അധ്യാപികയ്ക്കും കുടുംബത്തിനും പറയാനുള്ളത്. തെറ്റ് ചൂണ്ടിക്കാട്ടി അയച്ച വക്കീൽ നോട്ടീസ് പോലും ദിനപ്പത്രം കൈപ്പറ്റാൻ തയ്യാറായിട്ടില്ല.
പൊലീസിന് വിഷയത്തിൽ നേരിട്ട് നടപടിയെടുക്കാൻ ആകില്ല.ഓൺലൈനിൽ തെറ്റായി എവിടെയെല്ലാം തന്‍റെ ചിത്രം പ്രചരിച്ചെന്ന് ഇപ്പോഴും തെരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇവർ. വർഷങ്ങൾ അധ്യാപികയായ താൻ നേടിയെടുത്ത വിശ്വാസ്യത അങ്ങനെ തകർക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഡ്യത്തിലാണ് രേഖയുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam