
കോഴിക്കോട്: കാർഷികോൽപ്പാദന സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച പത്ത് കോടിയിലധികം രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചതായി പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രികോ ചെയര്‍മാനെതിരെ നിക്ഷേപകർ ചേവായൂർ പൊലീസിൽ പരാതി നൽകി.
2014ൽ പ്രവർത്തനം തുടങ്ങിയ താലൂക്ക് സഹകരണ കാർഷികോൽപ്പാദന സംസ്കരണ വിപണന സംഘത്തിൽ തുക നിക്ഷേപിച്ച 150ഓളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. വേങ്ങേരി കേന്ദ്രമായി പ്രവർത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കടകളും പൗൾട്രി ഫാമും ഹൈപ്പർ മാർക്കറ്റും സംഘത്തിന്‍റെ പേരിൽ തുടങ്ങിയിരുന്നു.
എന്നാൽ പിന്നീട് നഷ്ടത്തിലായതിനെ തുടർന്ന് കടകൾ ഓരോന്നായി അടച്ച് പൂട്ടി. സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ഡെപ്പോസിറ്റായി വലിയ തുക ഈടാക്കിയെങ്കിലും മാസങ്ങളായി ഇവർക്ക് വേതനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പണം നഷ്ടമായവർക്ക് 2018ൽ മുഴുവൻ തുകയും നൽകാമെന്ന് ചെയർമാൻ രേഖാമുലം അറിയിച്ചിരുന്നെങ്കിലും തിരിച്ച് നൽകാതായതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.
പണം കിട്ടാതായപ്പോള്‍ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. ജോയിന്‍റ് രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, സംഘം പല സ്ഥാപനങ്ങളും ആരംഭിച്ചത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ഉടൻ തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam