മാസ്ക്ക് ധരിക്കാന്‍ നിര്‍ദേശിച്ച ഡോക്ടറെ തൃശൂർ കോർപ്പറേഷൻ കൗൺസിലർ അപമാനിച്ചതായി പരാതി

By Web TeamFirst Published Apr 27, 2021, 2:18 AM IST
Highlights

മാസ്ക്ക് ശരിയായി ധരിക്കാതെ തന്നോട് സംസാരിച്ച കൗൺസിലറോട് കൊവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയപ്പോൾ അസഭ്യം പറഞ്ഞുവെന്നാണ് ശാഗിനയുടെ പരാതി. താൻ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഉയർന്ന പദവിയിൽ ആണെന്ന് പറഞ്ഞ് കൗൺസിലർ ആകോശിച്ചുവെന്നാണ് ആരോപണം.

തൃശൂര്‍: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക്ക് ധരിക്കാൻ നി‍ദേശിച്ച ഡോക്ടറെ തൃശൂർ കോർപ്പറേഷൻ കൗൺസിലർ അപമാനിച്ചതായി പരാതി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശാഗിനയെയാണ് കൗൺസിലർ ലാലി ജെയിംസിനെതിരെ രംഗത്തെത്തിയത്. എന്നാൽ, ഡോക്ടർ തന്നോടാണ് മോശമായി പെരുമാറിയതെന്നാണ് കൗൺസിലറുടെ നിലപാട്. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. 

മാർച്ച് ഇരുപതിന് രാവിലെയാണ് സംഭവം. മാസ്ക്ക് ശരിയായി ധരിക്കാതെ തന്നോട് സംസാരിച്ച കൗൺസിലറോട് കൊവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയപ്പോൾ അസഭ്യം പറഞ്ഞുവെന്നാണ് ശാഗിനയുടെ പരാതി. താൻ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഉയർന്ന പദവിയിൽ ആണെന്ന് പറഞ്ഞ് കൗൺസിലർ ആകോശിച്ചുവെന്നാണ് ആരോപണം. പേപ്പട്ടിയെന്ന് വിളിച്ചു, നിറം ചൂണ്ടിക്കാട്ടി അപമാനിച്ചെന്നും ശാഗിന പറയുന്നു. സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തി.

പരാതി നല്‍കിയിട്ടും പൊലീസിൽ നിന്ന് തണുത്ത പ്രതികരണമാണുള്ളതെന്നാണ് കെജിഎംഒഎയുടെ ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്നും കൊവിഡ് കാലത്ത് അഹോരാത്രം യത്നിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള നീതികേടാണെന്നുമാണ് സംഘടനയുടെ നിലപാട്.

അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്നാണ് കൗൺസിലർ ലാലി ജെയിംസിന്റെ നിലപാട്. ഒരു രോഗിയെ പ്രവേശിപ്പിക്കാൻ ബന്ധുക്കൾക്കൊപ്പം പോയ തന്നോട് ഡോക്ടറാണ് അപമര്യാദയായി പെരുമാറിയതെന്നും രോഗിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ചുവെന്നും കൗൺസിലർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെജിഎംഒഎ ജില്ലാ തലത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

click me!