
പത്തനംതിട്ട: അടൂർ (Adoor) നഗരസഭയിലെ (Adoor municipality) വനിത ക്ലാർക്കിനെ കൗൺസിലർ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി. സിപിഎം കൗൺസിലർ (CPM Councilor) ഷാജഹാനെതിരെ ജീവനക്കാരി നൽകിയ പരാതി നഗരസഭ സെക്രട്ടറിയാണ് പൊലീസിന് (Police) കൈമാറിയത്. എന്നാൽ പൊലീസ് ഇതുവരെ പരാതിയിൽ നടപടി എടുത്തിട്ടില്ല.
നഗരസഭയിലെ വനിത ജീവനക്കാരിയുടെ പരാതി പ്രകാരം ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. കൗൺസിലർ ഷാജഹാന്റെ വാർഡിലെ ചില വികസന പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ജീവനക്കാരിയെ മർദ്ദിക്കാൻ കാരണം. കൗൺസിലർ മുന്നോട്ട് വച്ച ചില നിർദേശങ്ങൾ മുനിസിപ്പൽ ചട്ടം പ്രകരം നടപ്പിലാക്കാൻ നിയമ തടസങ്ങളുണ്ടെന്ന് ജീവനക്കാരി അറിയിച്ചു. ഇതിൽ പ്രകോപിതാനായ ഷാജഹാൻ ക്ലർക്കിനെ അസഭ്യം പറഞ്ഞു.
തുടർന്ന് മർദ്ദിക്കുകയും ചെയ്തു. സംഭവം നടന്നതിന് പിന്നാലെ തന്നെ ജീവനക്കാരി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. തെഴിലിടത്തിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനേയും സമീപിച്ചു. എന്നാൽ ജീവനക്കാരിക്ക് അനുകൂലമായ നടപടി ഉണ്ടായില്ല. ഏഴ് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി കൈമാറിയത്. സിപിഎം ജില്ലാ നേതാക്കളുടെ അടുപ്പക്കാരനായ കൗൺസിലറെ പാർട്ടി സംരക്ഷിക്കുന്നെന്നും ആക്ഷേപമുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങൾ പരാതിയിലുണ്ടായിട്ടും മൊഴി എടുക്കുകയല്ലാതെ മറ്റ് നടപടികൾ ഉണ്ടായില്ലെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനിടയിൽ ജീവനക്കാരി അംഗമായ ഇടത് സർവീസ് സംഘടനയുടെ നേതാക്കളും പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അടൂർ നഗരസഭയിലെ എൽഡിഎഫ് ധാരണപ്രകാരം അടുത്ത ടേമിൽ ചെയർമാനാകേണ്ട ആളാണ് ആരോപണ വിധേയനായ കൗൺസിലർ ഷാജഹാൻ.
മീൻ വിൽപ്പനക്കെത്തി വിവരം ശേഖരിച്ചു, രാത്രിയെത്തി വയോധികയുടെ സ്വർണം കവർന്നു, അറസ്റ്റ്
കൊല്ലം: ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്. ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണ മാലപൊട്ടിച്ചെടുത്തു ബൈക്കിൽ രക്ഷപെടുകയായിരുന്നു. നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിൽസയിലാണ്.