
പാലക്കാട്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട്. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘം നാലുകോടി എൺപത്തഞ്ച് ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണ കണ്ടെത്തലുകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
നിക്ഷേപ കാലാവധി കഴിഞ്ഞ് പണം തിരിച്ചെടുക്കാൻ ചെന്നപ്പോൾ പലര്‍ക്കും തുക ലഭിച്ചില്ല. അത്യാവശ്യ കാര്യത്തിന് പണം പിൻവലിക്കാനെത്തിയപ്പോൾ പോലും ബാങ്ക് അധികൃതർ കൈമലർത്തി. ഇവരുടെ പരാതിയിൽ സഹകരണ സംഘം അസി. രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.
നിയമപരമായ പരിശോധനയോ ഈടോ ഇല്ലാതെ നിരവധി വായ്പ നല്‍കി. ഇതിലേറെയും ബിനാമി വായ്പകൾ. പലരുടെയും പേരിലെടുത്ത വായ്പാ പണം പ്രസിഡന്‍റിന്‍റെയും ഹോണററി സെക്രട്ടറിയുടെയും ജീവനക്കാരുടെയും കൈയ്യിലെത്തി.
പ്രസിഡന്‍റ് വിനേഷിന്‍റെ രണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം കോടികള്‍ മാറ്റി. ഇങ്ങനെ നീളുന്നു ക്രമക്കേടിന്റെ പട്ടിക. 4 കോടി 85 ലക്ഷത്തി 41ആയിരത്തി 275 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി നിക്ഷേപ പലിശയോ നല്‍കുന്നില്ല.
300ലേറെ പേർ വഞ്ചിക്കപ്പെട്ടെന്നാണ് സഹകരണ വകുപ്പിന് പരാതികിട്ടിയിരിക്കുന്നത്. സംഘം ഭാരവാഹികൾക്കെതരിരെ വകുപ്പുതല നടപടികൾ പുരോഗമിക്കുന്നെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam