അടൂരിൽ മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായ വാറ്റ്; രണ്ട് പേർ അറസ്റ്റിൽ

By Web TeamFirst Published May 16, 2021, 12:10 AM IST
Highlights

മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ. അടൂർ സ്വദേശി അബ്ദുൽ റസാഖ്, തമിഴ്നാട് സ്വദേശി അനീസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണങ്കോട് സ്വദേശി അബ്ദുൽ റസാഖ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ്

അടൂർ: മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ. അടൂർ സ്വദേശി അബ്ദുൽ റസാഖ്, തമിഴ്നാട് സ്വദേശി അനീസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണങ്കോട് സ്വദേശി അബ്ദുൽ റസാഖ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ്. ആംബുലൻസ് ഡ്രൈവറായ ഇദ്ദേഹം അതിരാവിലെ മുതൽ കൊവിഡ് പ്രതിരോധത്തിൽ സജീവം. 

രാത്രി പത്ത് മണിക്ക് ശേഷം വീടിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കള്ളവാറ്റ്. സഹായികളായി മൂന്ന് പേരും. കോട കലക്കി സൂക്ഷിക്കാൻ മൊബൈൽ മോർച്ചറിയേക്കാൾ പറ്റിയ മറ്റൊരിടം ഇല്ലെന്നാണ് റസാഖിന്റെ പക്ഷം. മൊബൈൽ മോർച്ചറിയിൽ കലക്കിയിട്ട ശേഷം മിച്ചം വന്നത് കലത്തിലും ബീപ്പയിലുമാണ് സൂക്ഷിച്ചിരുന്നത്. 

രഹസ്യം വിവരം കിട്ടി സ്ഥലത്തെത്തിയ പൊലീസിന് ആകെ മൊത്തം 200 ലിറ്ററോളം കോട കണ്ടെത്താൻ കഴിഞ്ഞു. ഒപ്പം 10 ലിറ്റർ വാറ്റ് ചാരായവും കിട്ടി. കരിക്കട്ട, ബാറ്ററി എന്നിവയിക്ക് പുറമെ മനുഷ്യ ശരീരത്തിന് ഹാനികരമായ ചില രാസവസ്തുക്കളും ചേർത്താണ് പ്രതികൾ ചാരായം വാറ്റിയിരുന്നത്. 

ഇത് ആദ്യമായല്ല അബ്ദുൽ റസാഖ് മൊബൈൽ മോർച്ചറി ഉപകരണം ആക്കുന്നത്. മുമ്പ് മോർച്ചറിക്കുള്ളിൽ കഞ്ചാവ് നിറച്ച് സ്വന്തം ആംബുലൻസിൽ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചിരുന്നു. അന്ന് പൊലീസ് ഇയാളുടെ പിന്നാലെ കൂടിയിരുന്നെങ്കിലും പിടികൂടാനായില്ല. ചാരായം വാറ്റുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!