16കാരനെ ലൈം​ഗികമായി പീഡിപ്പിച്ചു, ട്രാൻസ്ജൻഡറിന് ഏഴ് വർഷം തടവ്; സംസ്ഥാനത്ത് ആദ്യം

By Web TeamFirst Published Feb 7, 2023, 8:19 AM IST
Highlights

തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയും തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നുമാണ് കേസ്.

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവ്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറിനെതിരെ ഇത്തരമൊരു കേസിൽ ശിക്ഷിക്കുന്നത്. ചിറയിൻകീഴ് ആനത്തലവട്ടം എൽ പി സ്കൂളിന് സമീപത്തെ സമീപം സഞ്ജു സാംസണെ (34)യാണ് ഏഴ് വർഷം കഠിന തടവും 27,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി വനിതാ ട്രാൻസ്ജെൻഡറായി (ട്രാൻസ് വുമൺ) മാറി. 

2016 ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം. ചിറയിൻകീഴ് നിന്ന് ട്രയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയും തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നുമാണ് കേസ്. ഒപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയാണ് കൊണ്ട് പോയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. 

പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞിരുന്നില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ വിസമതിച്ചു. കുട്ടിയുടെ ഫോണിൽ നിരന്തരം മെസ്സേജുകൾ വരുന്നതും പലപ്പോഴും കുട്ടി ഫോണിൽ സംസാരിക്കാൻ ഭയപ്പെടുന്നതും മാതാവ് ശ്രദ്ധിച്ചിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ കുട്ടി നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് പ്രതി ഫേസ്ബുക്ക് വഴി കുട്ടിക്ക് മെസേജുകൾ അയച്ചു തുടങ്ങി. എന്നാൽ കുട്ടിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ട് അമ്മയുടെ ഫോണിലും ലോഗിൻ ആയിരുന്നതിനാൽ അതിലേക്ക് പ്രതി അയച്ച മെസേജുകൾ അമ്മ കാണുകയും സംശയം തോന്നിയ അമ്മ കുട്ടി എന്ന തരത്തിൽ മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിൻ്റെ വിവരം അറിയുന്നത്. തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പറയുന്നത്. ഉടനെ വീട്ടുകാർ തമ്പാനൂർ പൊലീസിനെ വിവരം അറിയിച്ചു. 

വീട്ടമ്മയുടെ ദാരുണ മരണത്തിന് കാരണം ലോക്കൽ ചാനലിന്‍റെ കേബിൾ, മകൻ രക്ഷപെട്ടത് തലനാരിഴക്ക്

പൊലീസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂർ വരുത്തി അറസ്റ്റ് ചെയ്തു. സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ ലൈം​ഗിക ശേഷി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ,അഭിഭാഷകരായ എം. മുബീന, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചത്. 

click me!