
മെറിലാന്‍ഡ്: മദ്യപിച്ച് മക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ അമ്മയുടെ അടിയില്‍പ്പെട്ട് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ശിക്ഷ നല്‍കാനാവില്ലെന്ന് കോടതി. അമേരിക്കയിലെ മെറിലാന്‍ഡ് കോടതിയുടേതാണ് തീരുമാനം. മെറിലാന്‍ഡ് സ്വദേശിനിയായ മുറിയേല്‍ മോറിസന് 20 വര്‍ഷത്തെ തടവ് വിധിച്ചുള്ള 2013ലെ കോടതി വിധിക്കെതിരായ അപ്പീലിലാണ് തീരുമാനം. മുറിയേല്‍ മോറിസന് വിധിച്ച 20വര്‍ഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി.
അമ്മയുടെ നടപടി മനപ്പൂര്‍വ്വം ആയിരുന്നില്ലെന്നും നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നവജാത ശിശുക്കള്‍ക്കൊപ്പം അമ്മ കിടക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മുറിയേല്‍ മനപ്പൂര്‍വ്വമായ വീഴ്ച വരുത്തിയെന്ന് കാണാനാവില്ലെന്നും കോടതി വിലയിരുത്തി. നവജാത ശിശുക്കളുടെ സുരക്ഷിതത്വത്തിനായി അവരെ തൊട്ടിലുകളില്‍ കിടത്തുന്നതാണ് ഉചിതമെന്ന് വിലയിരുത്തുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇത് സാധ്യമായിക്കൊള്ളണമെന്നില്ല. ഇതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി വിശദമാക്കി.
നേരത്തെ വിചാരണയ്ക്കിടെ മുറിയേല്‍ മോറിസന്‍ ബോധം കെട്ട് ഉറങ്ങിപ്പോവാന്‍ ആവശ്യമായ മദ്യം കഴിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. അരലിറ്ററോളം ബിയറും ഒരുലിറ്ററിലധികം മദ്യവും മുറിയേല്‍ മോറിസന്‍ കഴിച്ചതായി തെളിഞ്ഞിരുന്നു. അമ്മ ഉറങ്ങുന്നതിനിടെ അനിയത്തിയുടെ മുകളിലേക്ക് ചെരിഞ്ഞുവെന്നും ഉണര്‍ത്താനായി താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ലെന്നും മുറിയേല്‍ മോറിസന്‍റെ നാലുവയസുകാരിയായ മകള്‍ വിചാരണ വേളയില്‍ വിശദമാക്കിയിരുന്നു. നാലുവയുകാരിയായ മകള്‍ അടക്കം അഞ്ച് കുട്ടികളാണ് മുറിയേല്‍ മോറിസനുള്ളത്.
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരോവര്‍ഷവും നിരവധി കേസുകളാണ് റിപ്പോര്‍ട്ട ചെയ്യുന്നത്. അമേരിക്കയിലെ ശിശുരോഗ വിദഗ്ധര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ ഉറങ്ങുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും അത് ഒരേ കിടക്കയില്‍ ആവരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam