
കൊല്ലം: കവിയും സാംസ്കാരിക പ്രവര്‍ത്തകയുമായ എം ആര്‍ ജയഗീതയോട് ട്രെയിനില്‍ മോശമായി പെരുമാറിയെന്ന കേസില്‍ പ്രതികളായ ടിടിഇമാരെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ കൊല്ലം സിജെഎം കോടതിയാണ് കുറ്റാരോപിതരായ രണ്ടു ടിടിഇമാരെയും കുറ്റവിമുക്തരാക്കിയത്.
വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നിയമ നടപടി തീരുമാനിക്കുമെന്ന് ജയഗീത പ്രതികരിച്ചു. ഇന്ത്യന്‍ റെയില്‍വേയിലെ ടിടിഇമാരായ ജാഫര്‍ ഹുസൈന്‍, ജി ആര്‍ പ്രവീണ്‍ എന്നിവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. ഇരുവരും തന്നെ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു ജയഗീതയുടെ പരാതി.
എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്നാണ് കുറ്റാരോപിതരായ ഇരു ടിടിഇമാരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് സിജെഎം ഉഷാ നായര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സീസണ്‍ ടിക്കറ്റ് നിയമലംഘനം നടത്തിയ ജയഗീതയുടെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന വാദം കോടതി അംഗീകരിച്ചെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
2012 ഫെബ്രുവരി 17നാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുളള യാത്രയ്ക്കിടെ കേസിനാസ്പദമായ സംഭവം ഉണ്ടായത്. സീസണ്‍ ടിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കമാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയെ കുറിച്ചു തന്നെ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ച കേസിലേക്ക് നയിച്ചത്. കോടതി ഉത്തരവ് പഠിച്ച ശേഷം തുടര്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും സ്ത്രീ സമൂഹത്തിനായുളള പോരാട്ടം തുടരുമെന്നും എം ആര്‍ ജയഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam