മഹാദേവപുര മെയിൻ റോഡിൽ ആണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ആണ് ആക്രമണം നടത്തിയത്.
ബെംഗളൂരു: ബെംഗളൂരുവിൽ ഡെലിവറി ഏജന്റിന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ട് യുവാവിനെ അടിച്ച് പരിക്കേൽപിച്ചു. മഹാദേവപുര മെയിൻ റോഡിൽ ആണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ആണ് ആക്രമണം നടത്തിയത്. ഇവരുടെ ബൈക്കിൽ ഡെലിവറി ഏജന്റിന്റെ ബൈക്ക് തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച നാട്ടുകാരെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇരു യുവാക്കളെയും കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിന് പിന്നാലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ജഗത് (28), ധർമ (20) എന്നിവരാണ് പിടിയിലായത്.
ദിലീപ് കുമാർ എന്ന ഡെലിവറി ഏജന്റിനാണ് മർദനമേറ്റത്. ഹെൽമറ്റിന് മുഖത്തിടിയേറ്റ് സ്കൂട്ടറുമായി നിലത്ത് വീണ് യുവാവിനെ യുവാക്കൾ നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു. തടസം പിടിക്കാനെത്തിയ നാട്ടുകാരെയും ആക്രമിക്കാൻ യുവാക്കൾ മടിച്ചിരുന്നില്ല. ഇടവഴിയിൽ നിന്നെത്തിയ ഡെലിവറി ജീവനക്കാരന്റെ സ്കൂട്ടറിലേക്ക് ഇടിച്ചാണ് യുവാക്കൾ സ്കൂട്ടർ നിർത്തുന്നതടക്കമുള്ള ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.


