ചീയാരത്ത് പെൺകുട്ടിയെ തീ കൊളുത്തിക്കൊന്ന കേസ്; പ്രതിയ്ക്ക് ജീവപര്യന്തം തടവ്

By Web TeamFirst Published Nov 23, 2020, 3:06 PM IST
Highlights

2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ 22 വയസ്സുളള നീതുവിനെയാണ് നിധീഷ് കൊലപ്പെടുത്തിയത്

തൃശ്ശൂര്‍: ചീയാരത്ത്  പ്രണയാഭ്യര്‍ത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി നീതുവിനെ കൊന്ന കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശ്ശൂര്‍ ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ 22 വയസ്സുളള നീതുവാണ് കൊല്ലപ്പെട്ടത്.

ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ  അടുക്കള ഭാഗത്തിലൂടെയാണ് അകത്തേക്ക്  കയറിയത്. കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ്  സംഭവസ്ഥലത്തെത്തിയത്. ഇരുവരും തമ്മിലുളള വാക്കേറ്റം മൂത്ത് പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യിലുള്ള പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുതറിയോടിയ പ്രതിയെ അയല്‍വാസികള്‍ ചേര്‍ന്ന് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നെടപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍,  സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷ‍ണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

click me!