കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; വധശ്രമത്തിന് 9 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 25, 2021, 11:28 PM IST
Highlights

സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യർ, ക്രിസ്റ്റീൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

കാലടി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍(CPI- CPM clash) ഒന്‍പത് പേരെ പ്രതികളാക്കി പൊലീസ് വധശ്രമത്തിന്(Murder attempt) കേസെടുത്തു. ഗുണ്ടകള്‍ തമ്മിലുള്ള അക്രമമാണ് നടന്നതെന്നും അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണ്.  

കാലടി മരോട്ടിചുവടിൽ ക്രിസ്മസ് കരോളിനിടെയായിരുന്നു സംഭവം നടന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യർ, ക്രിസ്റ്റീൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലടി സിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വധശ്രമത്തിന് രണ്ട് കേസുകള്‍ പ്രത്യകം രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മൊത്തം ഒന്‍പത് പ്രതികളാണുള്ളത്. 

പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലുള്ള ആക്രമണമാണ് നടന്നതെന്നും അക്രമത്തിന് പിന്നില‍്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് കാലടി പൊലീസ് അറിയിച്ചത്. അക്രമത്തിനിരയായവര്‍ ഒരു വധശ്രമക്കേസില്‍ അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയതെന്നും കാലടി എസ്ഐ പറഞ്ഞു. എന്നാല്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ . 

പ്രദേശത്തെ 40ഓളം പ്രവർത്തകർ സിപിഎം വിട്ട് അടുത്തിടെ സിപിഐയിലെത്തിയിരുന്നു. ഇതിലെ വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. അക്രമത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ നിലപാട്. വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നും സിപിഎം പറയുന്നു.

click me!