തിരുനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം; പത്തിലധികം പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 3, 2019, 6:50 PM IST
Highlights

ഡിവൈഎഫ്ഐ പതാക ദിനത്തോടനുബന്ധിച്ചാണ് സംഘർഷം. നേരത്തെ തന്നെ ബിജെപി-സിപിഎം തർക്കം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്ഠേശ്വരം.

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷം. ‍ഡിവൈഎഫ്ഐ പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങളുണ്ടായത്. നേരത്തെ തന്നെ ബിജെപി-സിപിഎം തർക്കം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്ഠേശ്വരം. ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്ഐ പതാക ഉയർത്തിയിരുന്നു. ഇത് ആർഎസ്എസ് പ്രവർത്തകർ തകർത്തുവെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. തുടർന്ന്  പൊലീസിൽ പരാതി കൊടുക്കാൻ പോയ പ്രവർത്തകരെ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർഎസ്എസ്-ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.

സംഭവത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഏഴ് പേർ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘർഷം തടയാനെത്തിയ പൊലീസുകാരിൽ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സന്നാഹം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. കുറെ നാളുകളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്ര രൂക്ഷമാവുന്നത് ആദ്യമായിട്ടാണ്.

click me!