
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാറിൽ ബൈക്ക് ഉരസിയെന്ന പേരിൽ മദ്യപസംഘം ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കവർച്ചാ കേസിൽ പിടിയിൽ
അതിനിടെ, കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരുകോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് 2021 സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി കൈലാസിന്‍റെ പണമാണ് കവർന്നത്. ഈ സംഭവത്തിലാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ മാലൂർ സ്വദേശി സിനില്‍ കുമാറിനെ കൊച്ചിയില്‍ നിന്ന് കാസര്‍കോട് പൊലീസ് പിടികൂടിയത്. (തുടര്‍ന്ന് വായിക്കുക)