സഹകരണ ബാങ്കിൽ സിപിഎം ജില്ലാ നേതാവിന്‍റെ മകന്‍റെ ലക്ഷങ്ങളുടെ സ്വർണ പണയ തട്ടിപ്പ്

By Web TeamFirst Published Aug 4, 2020, 7:36 AM IST
Highlights

പേരാവൂ‍ർ കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനായി ഒരു ഉഭഭോക്താവ് എത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. 

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ സിപിഎം ജില്ലാ നേതാവിന്‍റെ മകന്‍റെ ലക്ഷങ്ങളുടെ സ്വർണ പണയ തട്ടിപ്പ്. സിപിഎം ജില്ലാ കമ്മറ്റിയംഗമായ വി.ജി. പത്മനാഭന്റെ മകൻ ബിനേഷ് പി.വി. നടത്തിയ തിരിമറി വിവാദമായതോടെ ഇയാളെ സസ്പെന്‍റ് ചെയ്ത് ബാങ്ക് തലയൂരി. ആളുകൾ പണയത്തിന് വച്ച സ്വർണം വ്യാജരേഖയുണ്ടാക്കി ഇതേ ബാങ്കിൽ വീണ്ടും പണയപ്പെടുത്തിയാണ് തട്ടിപ്പ്. 38 ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടന്നെന്നും പണം തിരിച്ചടച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് ഇപ്പോൾ നടത്തുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

പേരാവൂ‍ർ കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനായി ഒരു ഉഭഭോക്താവ് എത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വർണം ലോക്കറിലില്ല. സ്വർണം മറ്റൊരാളുടെ പേരിൽ ഇതേ ലോക്കറിൽ പണയം വച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലായി. ഇങ്ങനെ വ്യാജരേഖ ചമച്ചും അളവിൽ തിരിമറി കാണിച്ചും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് പുറത്തായതോടെ ക്ലർക്കായ ബിനേഷിനെ ബാങ്ക് സസ്പെന്റ് ചെയ്തു

ഉപഭോക്താവിന് അവരുടെ സ്വർണം എടുത്തുകൊടുക്കാൻ പതിനഞ്ച് മിനിറ്റ് വൈകിയതിനാലാണ് തന്നെ സസ്പെന്റ് ചെയ്തത് എന്ന വിചിത്ര വിശദീകരണമാണ് ബിനേഷ് നൽകുന്നത്. എത്ര രൂപയുടെ തിരിമറി നടന്നെന്ന് കണ്ടെത്താൻ ബാങ്ക് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

സിപിഎം ഉന്നതന്റെ മകനും ഡിവൈഎഫ്ഐ നേതാവും ആയതിനാൽ സസ്പെൻഷനിലൂടെ എല്ലാം ഒതുക്കിത്തീർക്കാൻ ബാങ്ക് ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു.

click me!