സുഷാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം: വെളിപ്പെടുത്തലുമായി മനോരോഗ വിദഗ്ധ

By Web TeamFirst Published Aug 4, 2020, 12:04 AM IST
Highlights

കേസ് അന്വേഷണത്തിന് ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കം എസ് പി ബിനയ് തിവാരിയെ ക്വാറന്റീൻ ചെയ്തതിലൂടെ രൂക്ഷമാകുകയാണ്. 

മുംബൈ: സുഷാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തിൽ വെളിപ്പെടുത്തലുമായി മനോരോഗ വിദഗ്ധ. സുശാന്ത് കടുത്ത മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂസൻ വാക്കർ വ്യക്തമാക്കി.മനോരോഗങ്ങളെ കുറിച്ച് വലിയ പിടിയില്ലാത്തവർ ആണ് റിയാ ചക്രബർത്തിയെ പ്രതി സ്ഥാനത്ത് നിർത്തുന്നത് എന്നും സുസൻ മാധ്യമങ്ങൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ പറഞ്ഞു. 

അതേ സമയം നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ കേസ് അന്വേഷണത്തിനെത്തിന് മുംബൈയിലെത്തിയ എസ് പിയെ ക്വാറന്‍റീൻ ചെയ്തതിൽ എതിര്‍പ്പ് ശക്തമാകുന്നു. നടപടി അംഗീകരിക്കാനാവില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുറന്നടിച്ചു. കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആവര്‍ത്തിച്ച് സുശാന്ത് സിംഗിന്റെ അച്ഛൻ രംഗത്തെത്തി.

കേസ് അന്വേഷണത്തിന് ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കം എസ് പി ബിനയ് തിവാരിയെ ക്വാറന്റീൻ ചെയ്തതിലൂടെ രൂക്ഷമാകുകയാണ്. ക്വാറന്റീൻ പിൻവലിക്കാൻ ഉന്നത പൊലീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും പരിഹാരമില്ല. വിഷയത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും കോർപറേഷന്റെ നടപടിയാണെന്നുമാണ് മുംബൈ പൊലീസിന്റെ വിശദീകരണം. 

സംസ്ഥാനത്തിന്റെ കൊവിഡ് മാർഗ്ഗനിർദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മൂംബൈ കോർപറേഷനും വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശം പരിശോധിച്ചതാണെന്നും ഔദ്യോഗിക കാര്യങ്ങൾക്കായി എത്തുന്നവർക്ക് ക്വാറന്റീൻ ഇളവുണ്ടെന്ന് വ്യക്തമായതായും ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡേ
തിരിച്ചടിച്ചു. സംഭവത്തിൽ വിമർശനവുമായി ബിഹാ‍ർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി.

ഇത് രാഷ്ട്രീയ വിഷയമല്ല.ജോലിയുടെ ഭാഗമായത്തിയ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിലാക്കിയത് ശരിയല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി പ്രതികരിച്ചു. മുംബൈ പൊലീസിനെതിരെ തുറന്നടിച്ച സുശാന്ത് സിംഗിന്റെ അച്ഛൻ പ്രധാന പ്രതി ഇപ്പോഴും പുറത്താണെന്ന് ആരോപിച്ചു. മകന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ബാന്ദ്ര പൊലീസിനെ സമീപിച്ചതാണ്. പരാതിയിൽ പൊലീസ് ഇടപെട്ടില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലാത്തത് കൊണ്ടാണ് പാട്ന പൊലീസിനെ സമീപിച്ചതെന്നും കെകെ സിംഗ് പറഞ്ഞു. 

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിഹാർ നിയമസഭയിൽ സുശാന്തിന്റെ ബന്ധു കൂടിയായ ബിജെപി എംഎൽഎ നീരജ് കുമാർ സിംഗ് ബബ്ലു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്
ഉൾപ്പടെയുള്ള എംഎൽഎമാർ പിന്തുണച്ചു. കേസിന്റെ തുടക്കം മുതൽ വിമർശനം കേട്ട മുംബൈ പൊലീസ് പുതിയ സംഭവ വികാസങ്ങളോട് കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
 

click me!