
കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ(Monson Mavunkal) സാമ്പത്തിക തട്ടിപ്പ്(financial fraud)കേസിൽ മാധ്യമ പ്രവർത്തകനായ സഹീൻ ആന്‍റണിയെ ക്രൈംബ്രാഞ്ച് (Crime Branch) ചോദ്യം ചെയ്തു. മോൻസനുമായുളള സഹീന്‍റെ അടുപ്പം സംബന്ധിച്ച് പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 24 ന്യൂസിലെ റിപ്പോർട്ടറായ സഹീനെ വിളിപ്പിച്ചത്. മോൻസനും മാധ്യമപ്രവർത്തകനുമായുളള സാന്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചില ഉന്നതരെ ഈ മാധ്യമപ്രവർത്തകനാണ് തങ്ങൾക്ക് പരിചയപ്പെടുത്തിയതെന്ന് പണം നഷ്ടപ്പെട്ടവർ മൊഴി നൽകിയിരുന്നു.
അതേസമയം പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ മറവിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മെഡിക്കൽ യൂണിവേഴ്സിറ്റിയെക്കുറിച്ചുളള വിവരം കിട്ടിയത്. 2018 ലാണ് ചേർത്തലയിൽ കോസ്മോസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേർത്തലയിൽ 100 ഏക്കർ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുളളിൽ നിർമാണം തുടങ്ങുമെന്നുമാണ് അന്ന് മോൻസൻ പറഞ്ഞിരുന്നത്.
എച്ച്‌എസ്‌ബിസി ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടൻ ആരോഗ്യ സർവകലാശാല പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്മോസ് മെഡിക്കൽ യൂണിവേഴ്സ്റ്റിയുടെ പേരിലും മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.
സൗന്ദര്യ ചികിത്സയുടെ മറവിൽ കലൂരിലെ മ്യൂസിയത്തിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. യുവതിയായ ആയുർവേദ ഡോക്ടറായിരുന്നു വിഐപികൾ അടക്കമുളളവരെ ചികിത്സിച്ചത്. വ്യാജ ചികിത്സയുടെ പേരിലടക്കം മോൻസനെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഈ വനിതാ ഡോക്ടറുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam