Manassery double murder : മണാശ്ശേരിയിയെ ഞെട്ടിച്ച ഇരട്ടക്കൊല; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

Published : Dec 28, 2021, 04:35 PM ISTUpdated : Dec 28, 2021, 07:29 PM IST
Manassery double murder : മണാശ്ശേരിയിയെ ഞെട്ടിച്ച ഇരട്ടക്കൊല; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

Synopsis

സ്വത്ത് തട്ടിയെടുക്കാനായി വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കൊലക്ക് സഹായിച്ചയാളെ ഒരു വര്‍ഷം കഴിഞ്ഞും കൊലപ്പെടുത്തി. പ്രതിയെ പിടികൂടിയത് രണ്ടു കൊലപാതകങ്ങളും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക്  ശേഷം. പ്രമാദമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

കോഴിക്കോട്: ഏറെ പ്രമാദമായ മണാശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസില്‍ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം (Manassery double murder) കുറ്റപത്രം (Charge sheet) സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് (Crime Branch). ഡി വൈ.എസ്.പി സജീവൻറെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഐ.ജി രാഹുൽ ആർ. നായർക്ക് നൽകാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. തുടർന്ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.  സ്വത്ത് കൈക്കലാക്കാനായി സ്വന്തം അമ്മയേയും പിന്നീട് കൊലപാതകത്തിന് സഹായിച്ച ആളെയും കൊലപ്പെടുത്തിയ കേസിന് തുമ്പുണ്ടായത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിലാണ്. പൊലീസിനെ ഏറെ കുഴക്കിയ കേസില്‍ പ്രതി പിടിയിലാവുന്നത് തന്നെ ആദ്യ കൊലപാതകം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ്.

വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ പി. വി. ബിർജുവാണ് കേസിലെ പ്രതി. ബിര്‍ജു മലപ്പുറം വണ്ടൂർ സ്വദേശി പുതിയോത്ത് ഇസ്മായിലിൻറെ സഹായത്തോടെ 2016 മാർച്ച് 15ന് അമ്മ ജയവല്ലിയെ വീട്ടിൽവെച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കി തൂങ്ങിമരിച്ചെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. കൊലക്ക് സഹായിച്ച ഇസ്മായിലിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്ത ബിർജു 10,000 രൂപ മാത്രംനൽകി. ഇതോടെ ബാക്കി തുകക്ക് ഇസ്മായിൽ ബന്ധപ്പെടുകയും പണം തന്നില്ലെങ്കിൽ അമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസിനോട് പറയുമെന്നും ഭീഷണിപ്പെടുത്തി. 

ഇതോടെ ഇസ്മായിലിനെയും വധിക്കാൻ ബിർജു തീരുമാനിക്കുന്നത്. ബാക്കി പണം നൽകാമെന്നുപറഞ്ഞ് 2017 ജൂൺ 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കി ബിർജു, ഇസ്മായിലിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കെട്ടാങ്ങലിലെ കടയിൽ നിന്ന് തെർമോകോൾ മുറിക്കുന്ന കത്തി വാങ്ങി മൃതദേഹം കഷ്ണങ്ങളാക്കി ഒരുഭാഗം ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോയി കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിലും ബാക്കി ഇരുവഴിഞ്ഞി പുഴയിലുമെറിഞ്ഞു.

ശരീരഭാഗങ്ങൾ 2017 ജൂൺ 28നും ആഗസ്റ്റ് 13നും ഇടയിൽ കാരശ്ശേരിയിൽനിന്നും ചാലിയാർ തീരത്തുനിന്നും ലഭിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.എൻ.എ പരിശോധനയിൽ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന് വ്യക്തമായെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കാണാതായ ആളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇസ്മായിലിന്റേതാണെന്ന് സ്ഥിരീകരിക്കുന്നത്.

2020 ജനുവരി 16ന് ഗൂഡല്ലൂരിൽനിന്നുമാണ് ബിർജു അറസ്റ്റിലായത്. തുടർന്നാണ് ഇരു കൊലപാതകങ്ങളുടേയും ചുരുളഴിയുന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസാണിത്. 120 സാക്ഷികളുണ്ട് കേസിൽ. അമ്മയെ വധിക്കാൻ സഹായിച്ച ഇസ്മായിലിനെ കൊലപ്പെടുത്തിയ ബിജു മൃതദേഹം കഷ്ണങ്ങളാക്കിയത് മൃഗവേട്ടയിലെ അറിവു വെച്ചെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. ബിർജു മുമ്പ് കാട്ടിൽ പോയി മൃഗങ്ങളെ കൊന്ന് കഷ്ണങ്ങളാക്കിയ പരിചയം വെച്ചാണ്  അമ്മ ജയവല്ലിയെ വധിക്കാൻ സഹായിച്ച ഇസ്മായിലിനെ കൊലപ്പെടുത്തി മൃതദേഹത്തിലെ കൈകാലുകളും തലയും മുറിച്ചുമാറ്റി വിവിധ സ്ഥലങ്ങളിൽ തള്ളാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ