കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

By Web TeamFirst Published May 12, 2020, 5:34 PM IST
Highlights

മേയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ  കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലിയേക്കര ബസേലിയൻ മഠത്തിൽ മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ

തിരുവല്ല: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെറ്റിലെ വിദ്യാർത്ഥിനി ദിവ്യ പി ജോണിൻ്റെ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. മരണത്തിൽ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകി. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്.

മേയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ  കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലിയേക്കര ബസേലിയൻ മഠത്തിൽ മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.

കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന്  നൽകിയിരിക്കുന്ന മൊഴി. വെള്ളം ശേഖരിക്കുന്നതിനായി കിണറ്റിൽ മോട്ടോർ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു.

ശരീരത്തിൽ അസ്വാഭാവിക മുറിവുകളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

click me!