മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കൊള്ളയടിച്ചു. കാസർകോട് സ്വദേശികളെയാണ് മർദ്ദിച്ചവശരാക്കി സ്വർണം കവർന്നത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധനയും നടത്തി. കരിപ്പൂരിൽ ഒരു മാസത്തിനിടെ പൊലീസിന് മുന്നിലെത്തുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ ഇന്നലെ പിടികൂടിയിരുന്നു.
തട്ടിക്കൊണ്ടുപോകൽ കള്ളക്കടത്ത് സ്വർണം കൊള്ളയടിക്കാനെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഏറ്റവും ഒടുവില്‍ കാസർകോട് സ്വദേശികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കള്ളക്കടത്ത് സ്വർണമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ സംഭവത്തില്‍ എന്ത് വകുപ്പ് ചുമത്തി കേസെടുക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.
ഷാർജയിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയ അബ്ദുള്‍ നാസര്‍ ഷംസാദിനെ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തട്ടിക്കൊണ്ടുപോയത്. ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കര എന്ന സ്ഥലത്തുവച്ച് വാഹനം തടഞ്ഞ് അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്ന് ചോദിച്ച് സംഘം അബ്ദുള്‍ നാസര്‍ ഷംസാദിനെ മര്‍ദ്ദിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. സ്വര്‍ണ്ണം ഇല്ലെന്ന് മനസിലായതോട അബ്ദുള്‍ നാസര്‍ ഷംസാദിനെ കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം വഴിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam