ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കച്ചവടം ചെയ്യുന്നയാള്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന മാങ്ങകള്‍ മോഷ്ടിച്ച് നാട്ടുകാര്‍

By Web TeamFirst Published May 22, 2020, 4:55 PM IST
Highlights

 കച്ചവടക്കാരന്‍ ഉന്തുവണ്ടി മാറ്റിയിടുന്നതിന് ഇടയില്‍  കയ്യിലും ഹെല്‍മെറ്റിലും ബാഗിലുമായി കിട്ടാവുന്ന അത്രയും മാങ്ങകളാണ് നാട്ടുകാര്‍ എടുത്ത് കൊണ്ട് പോവുകയായിരുന്നു. 

ദില്ലി: തെരുവ് കച്ചവടക്കാരന്‍ വില്‍പനയ്ക്ക് എത്തിച്ച മാങ്ങകള്‍ മോഷ്ടിച്ച് നാട്ടുകാര്‍. ദില്ലിയിലെ ജഗത്പുരി മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.  ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കച്ചവടം ചെയ്തിരുന്ന ചോട്ടു എന്നയാളിനെയാണ് നാട്ടുകാര്‍ കൊള്ളയടിച്ചത്. ജഗത്പുരി സ്കൂളിന് സമീപം കച്ചവടം ചെയ്യുന്നതിനിടെ ചിലര്‍ വന്ന് ഉന്തുവണ്ടി മാറ്റിയിടാന്‍ കച്ചവടക്കാരനോട് ആവശ്യപ്പെട്ടു.

വണ്ടി മാറ്റിയിടുന്നതിനിടയിലാണ് സ്കൂളിന് സമീപം റോഡ് സൈഡില്‍ വച്ചിരുന്ന ബോക്സുകളില്‍ നിന്ന് നാട്ടുകാര്‍ മാങ്ങ മോഷ്ടിച്ചത്. കച്ചവടക്കാരന്‍ മാറിയ സമയത്ത് ചിലര്‍ സംഘം ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കയ്യിലും ഹെല്‍മെറ്റിലും ബാഗിലുമായി കിട്ടാവുന്ന അത്രയും മാങ്ങകളാണ് നാട്ടുകാര്‍ എടുത്ത് കൊണ്ട് പോവുകയായിരുന്നു. ആളുകള്‍ മാങ്ങയ്ക്കായി തിരക്ക് കൂട്ടിയതോടെ ഇവിടെ ഗതാഗത തടസം നേരിട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.

വില്‍പനയ്ക്കായി എത്തിച്ച 5 കാര്‍ട്ടണ്‍ മാങ്ങയാണ് മോഷണം പോയത്. മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കച്ചവടക്കാരന്‍ പറയുന്നത്. ലോക്ക്ഡൌണ്‍ മൂലം കച്ചവടം കുറഞ്ഞിരിക്കുന്ന സമയത്ത് നടന്ന മോഷണം തന്നെ നടുവൊടിച്ച നിലയില്‍ എത്തിച്ചതായാണ് ചോട്ടു എന്‍ഡി ടിവിയോട് വിശദമാക്കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നുമാണ് കച്ചവടക്കാരന്‍ പറയുന്നത്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലോക്ക്ഡൌണ്‍ നിര്‍ദേശം ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയിലാണ് ഈ മോഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാം സംസ്ഥാനങ്ങളോടും നിയമ ലംഘനങ്ങളേക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ആളുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുമെന്നാണ് കച്ചവടക്കാരന്‍ പറയുന്നത്. 
 

click me!