കത്തിയും ഇലക്ട്രിക് വയറും കൈയില്‍, വിളികേട്ട് വാതിൽ തുറന്നപ്പോള്‍ ആക്രമണം; മതിലകം മോഷണ കേസില്‍ അറസ്റ്റ്

By Web TeamFirst Published Feb 9, 2021, 12:27 AM IST
Highlights

ദമ്പതികളുടെ വീടിനടുത്തുള്ള നിരവധി കേസുകളിലെ പ്രതിയായ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്. ജിഷ്ണുവും കൂട്ടുകാരനായ വിഷ്ണുവും ചേർന്നാണ് ആക്രമണം നടത്തിയതതെന്ന് വ്യക്തമായി

മതിലകം: തൃശൂർ മതിലകത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. മതിലകം മതിൽ മൂല സ്വദേശി ജിഷ്ണു, ശ്രീനാരായണപുരം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദേശീയ പാതക്ക് സമീപം താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ്, ഭാര്യ സുബൈദ എന്നിവരെ പ്രതികള്‍ ആക്രമിച്ചത്. നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ദമ്പതികളുടെ വീടിനടുത്തുള്ള നിരവധി കേസുകളിലെ പ്രതിയായ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്.

ജിഷ്ണുവും കൂട്ടുകാരനായ വിഷ്ണുവും ചേർന്നാണ് ആക്രമണം നടത്തിയതതെന്ന് വ്യക്തമായി. പ്രതികൾ ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയത്. ഒരാഴ്ച്ച മുമ്പ് പ്രതികൾ പരിസരം നിരീക്ഷിക്കുന്നതിനായി ദമ്പതികളുടെ വീട്ടിൽ അർബാന വാടകക്ക് ചോദിച്ച് ചെന്നിരുന്നു. സംഭവ ദിവസം ചെന്ത്രാപ്പിന്നിയിലെ സുഹൃത്തിന്റെ വർക്‍ഷോപ്പില്‍ അർദ്ധരാത്രി വരെ ഇരുന്നാണ് കൃത്യത്തിന് തയ്യാറെടുത്തത്.

കറുത്തമുണ്ട് കീറി കയ്യിൽ ചുറ്റി, കത്തിയും ഇലക്ട്രിക് വയറും കൈയില്‍ ക്കരുതി. വീടിന്റെ മതിൽ ചാടി കടന്ന് വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. വാതിൽ തുറന്ന ഉടനെ ഒളിഞ്ഞ് നിന്ന് ദമ്പതികളെ ആക്രമിച്ചു. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാൻ പണം കണ്ടെത്താനാണ് ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.

click me!